

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശ വനിതയുടെ റിവ്യൂ വൈറലാകുന്നു. ഗംഭീര സിനിമയാണ് പേട്രിയറ്റ് എന്നും ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമാണ് ചിത്രമെന്നും അവർ വീഡിയോയിലൂടെ പറഞ്ഞു. റിനിൽ ജിജോ എന്ന മലയാളി വ്ലോഗർ ആണ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്.
'ഗംഭീര സിനിമയാണ് പേട്രിയറ്റ്. ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമായിട്ടാണ് എനിക്ക് സിനിമ അനുഭവപ്പെട്ടത്. സിനിമയുടെ മ്യൂസിക്, കഥ, പ്രകടനങ്ങൾ എല്ലാം ഗംഭീരം', എന്നാണ് ചിത്രം കണ്ടു അവർ പ്രതികരിച്ചത്. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. 'നമ്മുടെ സംസ്കാരത്തെ എത്രമാത്രം ആരാധിക്കുന്നുവെന്ന് അവൾ സംസാരിച്ചു. അത് എന്റെ മനസ്സിൽ തങ്ങിനിന്നു. നമ്മളെപ്പോലെ തന്നെ നമ്മുടെ കഥകൾ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്', എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് റിനിൽ ജിജോ കുറിച്ചു.
ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയാണെന്നാണ് അണിയറക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാൾ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചത്.
ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ. മോഹൻലാൽ വരുന്ന ഭാഗങ്ങളെല്ലാം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ കാണാം.
Content Highlights: 'Patriot' is more awesome than Tom Cruise movies, Foreign woman's review goes viral