

എഫ്എ കപ്പ് ഫുട്‌ബോളിലെ ആദ്യസെമിഫൈനലില്‍ രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. കളിയില്‍ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന മാഞ്ചെസ്റ്റര്‍ സിറ്റിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് ഫിന്‍ അസസിലൂടെ 79-ാം മിനിറ്റില്‍ ലീഡെടുത്തത്. ഗോളാവേശം പക്ഷെ, മൂന്നുമിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സതാംപ്ടണ്‍ ആരാധകരുടെ ആവേശം തല്ലിക്കെടുത്തി 82-ാം മിനിറ്റില്‍ ജെറമി ഡോകുവിന്റെ ഗോളില്‍ സമനില പിടിച്ച മാഞ്ചെസ്റ്റര്‍ സിറ്റി നിശ്ചിത സമയം അവസാനിക്കാന്‍ മൂന്നുമിനിറ്റ് ശേഷിക്കെ വിജയഗോളടിച്ചു.
നികോ ഗോണ്‍സാലസാണ് സിറ്റിക്കുവേണ്ടി വിജയഗോള്‍ നേടിയത്. സതാംപ്ടണെതിരായ തോല്‍വിയെന്ന നാണക്കേടില്‍നിന്നും ഇതോടെ സിറ്റി രക്ഷപ്പെട്ടു. മത്സരത്തിന്റെ തുടക്കം മുതല്‍ സതാംപ്ടണെതിരെ കടുത്ത ആക്രമണം തുടങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റി 24 ഷോട്ടുകളാണ് എതിര്‍മുഖം ലക്ഷ്യമിട്ട് അഴിച്ചുവിട്ടത്. പന്തടക്കത്തിലും സിറ്റിയുടെ ആധിപത്യമായിരുന്നു. പക്ഷെ ആദ്യപകുതിയില്‍ ഒരുഗോള്‍പോലും നേടാന്‍ സിറ്റിക്കായില്ല.
എഫ്എ കപ്പ് ഫുട്‌ബോളില്‍ ഏഴുവട്ടം ചാമ്പ്യന്മാരാണ് മാഞ്ചെസ്റ്റര്‍ സിറ്റി. കഴിഞ്ഞവര്‍ഷം ഫൈനലിലെത്തിയെങ്കിലും ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു. 2023-ലാണ് സിറ്റി അവസാനമായി എഫ്എ കപ്പ് നേടിയത്. ഇന്ന് രാത്രി നടക്കുന്ന ചെല്‍സി-ലീഡ്‌സ് മത്സരത്തിലെ വിജയികളെയാകും സിറ്റി ഫൈനലില്‍ നേരിടുക. രാത്രി 7.30-നാണ് ചെല്‍സി-ലീഡ്‌സ് മത്സരം.
content highlights: Minutes left to play: Manchester City clinches final entry with a two-goal comeback!