

ഫുട്‌ബോള്‍ ലോകകപ്പിന് നാളുകളെണ്ണി കാത്തിരിപ്പിലാണ് ലോകം. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡിയിലുമായി നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് വലിയ വാര്‍ത്തയുമാണ്. ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമുകളിലൊന്നായ ഇറാന്‍ കളിക്കുമോയെന്നതാണ് ആകാംക്ഷ. നേരത്തെ, ഇറാനെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത പ്രസിഡന്റ് ഡോണള്‍ഡ് പക്ഷെ, ടീമിന് സുരക്ഷയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ അമേരിക്കയിലേക്ക് പോകണോയെന്ന കാര്യത്തില്‍ ഇറാനും പുനരാലോചന നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ അമേരിക്കയുടെയും ട്രംപിന്റെയും ഭീഷണിക്ക് മുമ്പില്‍ ഇറാന്‍ പതറുന്നില്ല. ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇറാന്‍ പൂര്‍ണ സജ്ജമാണെന്നാണ് ടീം വൃത്തങ്ങള്‍ അറിയിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ലോകകപ്പില്‍ ഇറാന്‍ സംഘത്തിന്റെ പങ്കാളിത്തത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കായിക മന്ത്രാലയം പറയുന്നത്.
ഇറാന്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്നത് തന്നെയാണ് ഫിഫയും പറയുന്നത്. ഇറാന്‍ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. ഇറാന്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഫിഫ പ്രസിഡന്റ് സ്ഥിരീകരിച്ചു. സ്‌പോര്‍ട്‌സ് രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും ഇറാന്‍ ലോകകപ്പിനെത്തണമെന്നും ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.
ഇറാന്‍ കളിക്കുന്നില്ലെങ്കില്‍ പകരം ലോകകപ്പിന് യോഗ്യത നേടാത്ത ഇറ്റലിയെ ഉള്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഫിഫ നിഷേധിക്കുന്നു. യുഎസിലെ ട്രംപിന്റെ പ്രത്യേക ദൂതനാണ് ഇറാന് പകരം ഇറ്റലിയെ കളിപ്പിക്കണമെന്ന ആവശ്യം ഫിഫയുടെ മുന്നില്‍വെച്ചത്.
ബെല്‍ജിയം, ഈജിപ്ത്, ന്യൂസീലന്‍ഡ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ കളിക്കുന്നത്. കാലിഫോര്‍ണിയ, വാഷിങ്ടണ്‍ എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളിലാണ് ഇറാന്റെ മത്സരം. ഇറാന്റെ കളികള്‍ മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്ന് നേരത്തെ ടീം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിഫ ഇക്കാര്യം അംഗീകരിച്ചില്ല. ജൂണ്‍ 11-നാണ് ഫുട്‌ബോള്‍ ലോകകപ്പിന് കിക്കോഫ്. ജൂണ്‍ 16ന് ന്യൂസീലന്‍ഡിനെതിരേയാണ് ഇറാന്റെ ആദ്യകളി.
content highlights: No guarantee of safety, says Trump; Iran to fly to America