ഇറക്കുമതി തന്നെ ആശ്രയം; എണ്ണ ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നോട്ട്; തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇടിവ്

ഉല്‍പാദന കേന്ദ്രങ്ങളില്‍ ശേഖരം തീരാറാകുകയും പുതിയ എണ്ണപ്പാടം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് എണ്ണ ഉല്‍പാദനത്തിലെ ഇടിവിന് കാരണം

ഇറക്കുമതി തന്നെ ആശ്രയം; എണ്ണ ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നോട്ട്; തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇടിവ്
dot image

രാജ്യത്തെ ആഭ്യന്തര എണ്ണ, പ്രകൃതിവാതക ഉല്‍പാദനത്തില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് ആഭ്യന്തര എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആഭ്യന്തര പ്രകൃതി വാതക ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2025-26 കാലയളവില്‍ ആഭ്യന്തര എണ്ണ ഉല്‍പാദനം 2.5 ശതമാനം ഇടിഞ്ഞ് 28 മില്യണ്‍ മെട്രിക് ടണ്‍ ആയി. 2014-15 കാലയളവ് തൊട്ടാണ് എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയത്. അന്ന് മുതല്‍ ഇന്നുവരേയ്ക്കും 22 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര പ്രകൃതിവാതക ഉല്‍പാദനത്തില്‍ 2025-26 കാലയളവില്‍ 3.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ 34,776 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക്ക് മീറ്ററാണ് ഉല്‍പാദനം.

നിലവിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍ ശേഖരം തീരാറാകുകയും പുതിയ എണ്ണപ്പാടം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് എണ്ണ ഉല്‍പാദനത്തിലെ ഇടിവിന് കാരണം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി, പര്യവേക്ഷണ പ്രവര്‍ത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഭൂമിശാസ്ത്ര ഡേറ്റാ ശേഖരം സ്ഥാപിക്കല്‍, പാരിസ്ഥിതിക അംഗീകാരങ്ങള്‍ ലളിതമാക്കല്‍, പര്യവേക്ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സാമ്പത്തിക ചട്ടക്കൂടുകള്‍ അവതരിപ്പിക്കല്‍ എന്നിവയെല്ലാമാണ് അവ. എന്നിട്ടും വേണ്ട പങ്കാളിത്തം ഈ മേഖലകളില്‍ ഉണ്ടായിട്ടില്ല.

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതോടെ ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രാജ്യം. രാജ്യത്തെ മൊത്തം ക്രൂഡ് ഓയില്‍ ഉപഭോഗത്തിന്റെ 89 ശതമാനവും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്. പ്രകൃതിവാതകത്തിന്റെ 51 ശതമാനവും ഇന്ത്യ ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്.

Content Highlights: High import dependence: India’s crude oil production falls for 11th consecutive year; gas also sees a dip

dot image
To advertise here,contact us
dot image