ജിപേക്കും ഫോണ്‍ പേക്കും വെല്ലുവിളിയുമായി വാട്ട്സ്ആപ്പ്; ചാറ്റിനൊപ്പം ഇനി മൊബൈല്‍ റീചാര്‍ജും പേയ്മെന്റും

ജിയോ, എയര്‍ടെല്‍, വി എന്നിവയില്‍ പ്രീപെയ്ഡ് കണക്ഷനുകളുള്ള ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് ലഭ്യമായ വിവിധ പ്ലാനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് വാട്ട്സ്ആപ്പില്‍ നേരിട്ട് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും

ജിപേക്കും ഫോണ്‍ പേക്കും വെല്ലുവിളിയുമായി വാട്ട്സ്ആപ്പ്; ചാറ്റിനൊപ്പം ഇനി മൊബൈല്‍ റീചാര്‍ജും പേയ്മെന്റും
dot image

ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി മെറ്റ പുതിയ പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് ഫീച്ചര്‍ അവതരിപ്പിച്ചു. പേയു പേയ്മെന്റ് പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് വാട്ട്സ്ആപ്പ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ്ഉപയോക്താക്കള്‍ക്കായി ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്. വൈകാതെ എല്ലാ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പിലൂടെ നേരിട്ട് റീചാര്‍ജ് ചെയ്യാം.

whatsapp pay

വാട്ട്സ്ആപ്പിലെ പേയ്മെന്റ് വിഭാഗം കണ്ടെത്തുന്നതും ആക്സസ് ചെയ്യുന്നതും എളുപ്പമാക്കുന്നതിനായി ഹോം സ്‌ക്രീനില്‍ രൂപ (₹) ഐക്കണും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സ്വന്തം നമ്പറിലേക്കോ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നമ്പറിലേക്കോ റീചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ജിയോ, എയര്‍ടെല്‍, വി എന്നിവയില്‍ പ്രീപെയ്ഡ് കണക്ഷനുകളുള്ള ഇന്ത്യയിലുടനീളമുള്ള ആളുകള്‍ക്ക് ലഭ്യമായ വിവിധ പ്ലാനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് വാട്ട്സ്ആപ്പില്‍ നേരിട്ട് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും.

റീചാര്‍ജ് ഫീച്ചര്‍ ആക്സസ് ചെയ്യുന്നതിങ്ങനെ

  1. ₹ ഐക്കണില്‍ ടാപ്പ് ചെയ്യുക
  2. പ്രീപെയ്ഡ് റീചാര്‍ജ് തിരഞ്ഞെടുക്കുക
  3. നമ്പര്‍ തിരഞ്ഞെടുക്കുക
  4. ഓപ്പറേറ്ററെ സ്ഥിരീകരിക്കുക
  5. നിങ്ങളുടെ പ്ലാന്‍ തിരഞ്ഞെടുക്കുക
  6. പേയ്മെന്റ് മോഡ് തിരഞ്ഞെടുക്കുക (യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ്)
  7. പേയ്മെന്റ് സ്ഥിരീകരിക്കുക

ഇന്ത്യയിലെ ഉപയോക്താക്കള്‍ ദൈനംദിന ജീവിതത്തില്‍ ആശവിനിമയം, ബിസിനസ് ഇടപെടലുകള്‍ മുതല്‍ പേയ്മെന്റുകള്‍, അവശ്യ സേവനങ്ങള്‍ക്ക് വരെയായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, ബില്ലുകള്‍ അടയ്ക്കാനും, ചാറ്റ്‌ബോട്ടുകള്‍ വഴി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യാനും ആളുകള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.

മൊബൈല്‍ റീചാര്‍ജുകൂടി ആപ്പില്‍ സംയോജിപ്പിച്ചിരിക്കുന്നതിനാല്‍, തടസ്സമില്ലാത്ത എക്‌സ്പീരിയന്‍സാണ് മെറ്റ ലക്ഷ്യമിടുന്നത്. മറ്റൊരു പ്ലാറ്റ്ഫോമിലേക്കും റീഡയറക്ട് ചെയ്യപ്പെടാതെ ചാറ്റിങ്ങിനിടയില്‍ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാമെന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്പുകളോട് മത്സരിക്കാനാണ് വാട്ട്സ്ആപ്പ് ഒരുങ്ങുന്നത്.

Content Highlights: WhatsApp has introduced prepaid mobile recharge services for users in India, allowing people to recharge their mobile numbers directly within the messaging app. The new feature, powered by PayU, is being rolled out in phases on Android and iOS and will be available to all users over the coming weeks, according to a statement.

dot image
To advertise here,contact us
dot image