

ഭക്ഷണം കഴിച്ച ശേഷം വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, വേദന, എരിച്ചില്‍ ഇവയെല്ലാം പലപ്പോഴും 'അസിഡിറ്റി' ആയി തള്ളിക്കളയപ്പെടുന്നു. അടിവയറ്റിലുണ്ടാകുന്ന വേദന ചിലപ്പോള്‍ അസിഡിറ്റി മൂലമാകണമെന്നില്ല. അത് ചിലപ്പോള്‍ ശ്രദ്ധിക്കേണ്ട തരത്തിലുള്ള ഗൗരവകരമായ അസുഖത്തിന്റെ സൂചനയാകാം.
ആധുനിക ഭക്ഷണക്രമങ്ങളുടെ പ്രത്യേകതകൊണ്ട് അസിഡിറ്റി അഥവാ ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം സാധാരണമാണ്. വൈകിയുള്ള അത്താഴം, എണ്ണമയമുള്ള ഭക്ഷണം, സമ്മര്‍ദം, ക്രമരഹിതമായ ഉറക്കം എന്നിവയെല്ലാം ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചില്‍ കുത്തുന്ന വേദന, പുളിച്ചുതികട്ടല്‍, വയറിലെ നേരിയ വേദനയും അസ്വസ്ഥതയും എല്ലാം അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. ഒരാള്‍ക്ക് കുറച്ച് തവണ അസിഡിറ്റി അനുഭവപ്പെട്ടുകഴിഞ്ഞാല്‍ സമാനമായുണ്ടാകുന്ന വേദനകളും അസ്വസ്ഥതകളുമെല്ലാം അസിഡിറ്റിയുമായി ബന്ധപ്പെട്ടുള്ളതായി തോന്നാം.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ വയറുവേദനയും ശരീരഭാരം കുറയുന്നത് , വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ആവര്‍ത്തിച്ചുള്ള ഛര്‍ദ്ദി (പ്രത്യേകിച്ച് രക്തത്തിന്റെ അംശത്തോടെ). അതുപോലെ കറുത്തതോ ഇരുണ്ടതോ ആയ മലം (ആന്തരിക രക്തസ്രാവത്തെ സൂചിപ്പിക്കുന്നു). മാത്രമല്ല നിരന്തരമായുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും കടുത്ത ശാരീരിക അസ്വസ്ഥതയും ചിലപ്പോള്‍ ദഹനനാളത്തിലെ കാന്‍സറിന്റെ സൂചനയായിരിക്കാം.

എല്ലാ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും പെട്ടെന്നുണ്ടാകുന്നതല്ല. ചിലത് നിശബ്ദമായും കാലക്രമേണ വര്‍ധിക്കുന്നതുമായിരിക്കും. പ്രായവും കുടുംബചരിത്രവും ഇക്കാര്യത്തില്‍ പ്രധാനമാണ്. എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ദഹനനാളത്തിലെ കാന്‍സര്‍ പലപ്പോഴും തുടക്ക ഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെപോകുന്നു എന്നാണ്. പ്രായമായ ആളുകൂടിയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും ഗ്യാസ്‌ട്രോ ഇന്റസ്റ്റെനല്‍ കാന്‍സറിന്റെ ചരിത്രമുണ്ടെങ്കില്‍ ഒരു ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്. എന്‍ഡോസ്‌കോപ്പി അല്ലെങ്കില്‍ ഇമേജിംഗ് പോലുള്ള പരിശോധനകള്‍ ഒരു സ്‌പെഷ്യലിസ്റ്റിന്റെ നിര്‍ദ്ദേശത്തോടെ ചെയ്യാവുന്നതാണ്. നേരത്തെയുള്ള രോഗനിര്‍ണയം സങ്കീര്‍ണതകള്‍ തടയാതെയും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഡെറാഡൂണ്‍ കൈലാഷ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. അക്ഷയ് റാവത്ത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ വിവരങ്ങളില്‍ നിന്ന് .
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights : If you notice any other symptoms along with the symptoms of normal acidity, you should seek the services of a doctor. It could be a sign of gastrointestinal cancer.