

ബാഴ്സലോണയുടെ കൗമാരതാരം ലമീന്‍ യമാലിനെ പിന്തുണച്ച് സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സ പുറത്തായതിന് പിന്നാലെയാണ് യമാലിനെ പുകഴ്ത്തി ക്ലബ്ബിന്റെ മുൻ താരം കൂടിയായ നെയ്മറുടെ പ്രതികരണം. യമാല്‍ മികച്ച കൗമാരതാരമാണെന്നും അടുത്ത വര്‍ഷം അദ്ദേഹത്തിന് ചാമ്പ്യന്‍സ് ലീഗും ബലോണ്‍ ദ ഓര് പുരസ്കാരവും നേടാനാവുമെന്നും നെയ്മര്‍ പറഞ്ഞതായി ഫാബ്രീസിയോ റൊമാനോ എക്സില്‍ കുറിച്ചു.
'ഫുട്ബോള്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടീനേജ് സെന്‍സേഷനാണ് ലമീന്‍ യമാല്‍ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. മെസിയും ഞാനുമെല്ലാം ഇവിടെയുണ്ട്. എന്നാല്‍ യമാല്‍ തന്റെ 18-ാം വയസില്‍ ചെയ്യുന്നതെല്ലാം തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ്'
'ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായപ്പോള്‍ യമാലിനോട് എനിക്ക് വിഷമം തോന്നി. ടീമിന് വേണ്ടി യമാല്‍ തന്റെ സര്‍വസ്വവും നല്കി. ആ തിരിച്ചുവരവിന് തുടക്കമിട്ടതുപോലും അവനായിരുന്നു. പക്ഷേ ഇത് ഫുട്ബോള്‍. ഇവിടെ എന്തുവേണമെങ്കിലും സംഭവിക്കാം'
'ഇനിയുള്ളത് അവന്റെ കാലമാണ്. അടുത്ത വര്‍ഷം യമാലിന് ചാമ്പ്യന്‍സ് ലീഗ് നേടാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ട് ബാലണ്‍ ദ ഓര് പുരസ്കാരവും അവന് തന്നെ ലഭിച്ചുകൂടാ? യമാല്‍ അത്രമേല്‍ സ്പെഷ്യലായുള്ള കളിക്കാരനാണ്. ഞാന്‍ എപ്പോഴും പിന്തുണയ്ക്കുന്ന കളിക്കാരില്‍ ഒരാളായിരിക്കും അവനെന്ന് തീര്‍ച്ചയാണ്', നെയ്മര്‍ പറഞ്ഞു.
Content Highlight: 'His time is coming', Neymar jr supports Lamine Yamal