

ഇന്ത്യൻ സൂപ്പർ ലീഗിൽ ആറ്റുനോറ്റ് നേടിയ വിജയത്തിന്റെ തുടർച്ച തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് സ്വന്തം തട്ടകത്തിൽ. വൈകീട്ട് 7.30ന് കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് കൊമ്പന്മാർ കൊമ്പുകോർക്കാൻ ഇറങ്ങുന്നത്. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് എതിരാളികൾ.
ഏപ്രിൽ 11-ാം തീയതി ചിരവൈരികളായ ബെംഗളൂരു എഫ്സിയോട് ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടയ്‌ക്കൊപ്പമായിരുന്നു ജയം. അവരുടെ തട്ടകത്തിൽ പോയി അവരെ 2-1ന് തകർത്ത് നേടിയ ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തിൽ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് അംഗത്തിന് ഇറങ്ങുന്നത്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിൽ തോൽവിയും ഒന്നിൽ മാത്രം സമനിലയും പിടിച്ച് അതിദയനീയ സ്ഥിതിയിലെത്തിൽ നിൽക്കുകയായിരുന്നു ടീം. ഇതിനിടെയാണ് ബംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ആശ്വാസ ജയം ക്ലബ് നേടിയത്.
നിലവിൽ നാല് പോയൻറുമായി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ആറ് പോയന്റുള്ള നോർത്ത് ഈസ്റ്റ് യൂണൈറ്റഡാകട്ടെ പട്ടികയിൽ പത്താം സ്ഥാനത്തും. പ്രമുഖ താരങ്ങളിൽ പലരും ടീം വിട്ടതോടെ ദുർബലമായ മഞ്ഞപ്പടക്ക് ഐഎസ്എല്ലിൽ നിന്നുള്ള തരംതാഴ്ത്തൽ ഒഴിവാക്കാൻ ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.
Content highlight: ISL: Kerala Blasters FC vs NorthEast United FC matchday