'ആ കുഞ്ഞുങ്ങളെ നാം ഒറ്റപ്പെടുത്തി, ഉപേക്ഷിച്ചു'; ഗാസയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ഗ്വാർഡിയോള

പലസ്‌തീൻ്റെ പരമ്പരാഗതമായ കറുപ്പും വെളുപ്പും കലർന്ന സ്‌കാർഫ് (കഫിയ്യ) ധരിച്ചാണ് ഗ്വാർഡിയോള എത്തിയത്

'ആ കുഞ്ഞുങ്ങളെ നാം ഒറ്റപ്പെടുത്തി, ഉപേക്ഷിച്ചു'; ഗാസയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ഗ്വാർഡിയോള
dot image

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. തൻ്റെ ജന്മനാടായ ബാഴ്‌സലോണയിലെ പാലാവു സാൻ്റ് ജോർഡി സ്പോർട്ടിംഗ് അരീനയിൽ നടന്ന ‘Act X Palestine’ എന്ന ധനസമാഹരണ സംഗീത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ഗാസയ്ക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ച ​ഗ്വാർഡിയോള ആക്രമണത്തിൽ‌ കൊല്ലപ്പെട്ട രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പറഞ്ഞു.

പലസ്‌തീൻ്റെ പരമ്പരാഗതമായ കറുപ്പും വെളുപ്പും കലർന്ന സ്‌കാർഫ് (കഫിയ്യ) ധരിച്ചെത്തിയ ഗ്വാർഡിയോള 'ഗുഡ് ഈവനിങ്' എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. തുടർന്ന് 'നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ' എന്നർത്ഥം വരുന്ന 'അസലാമു അലൈക്കും' എന്ന ഇസ്ലാമിക അഭിവാദ്യവും അദ്ദേഹം നടത്തി. യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പിന്തുണച്ച് ഗാർഡിയോള സംസാരിച്ചു.

‘നാം അവരെ ഒറ്റപ്പെടുത്തിയെന്നും ഉപേക്ഷിച്ചെന്നുമാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സോഷ്യൽ മീഡിയയിലും ടെലിവിഷനിലും കാണുന്ന ആ ദൃശ്യങ്ങൾ, തകർന്നടിഞ്ഞ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 'എൻ്റെ അമ്മ എവിടെ?' എന്ന് ചോദിച്ചു കരയുന്ന കുട്ടി, തൻ്റെ അമ്മ മരിച്ച വിവരം പോലും ആ കുഞ്ഞറിഞ്ഞിട്ടില്ല. ഇതൊക്കെ കാണുമ്പോൾ നാം എന്താണ് ചിന്തിക്കുന്നത്?‘, ​ഗ്വാർഡിയോള പറഞ്ഞു.

ലോകം പലസ്‌തീനെ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും ശക്തരായവർ ഭീരുക്കളാണെന്നും അദ്ദേഹം വിമർശിച്ചു. 'ശക്തരായവർ ഭീരുക്കളാണ്, കാരണം അവർ നിരപരാധികളെ കൊല്ലാൻ മറ്റൊരു കൂട്ടം നിരപരാധികളെ അയക്കുന്നു. തണുപ്പുള്ളപ്പോൾ ഹീറ്ററും ചൂടുള്ളപ്പോൾ എസിയും ഇട്ട് അവർ സുരക്ഷിതമായി സ്വന്തം വീടുകളിൽ ഇരിക്കുകയാണ്. ഇതെല്ലാം മനുഷ്യാവകാശത്തെ കുറിച്ചാണ്. ഫലസ്തീനില്‍ സംഭവിക്കാത്തതും അതാണ്', ​ഗ്വാർഡിയോള തുറന്നടിച്ചു.

Content Highlights: Manchester City coach Pep Guardiola speaks up for gaza children at palestine charity event

dot image
To advertise here,contact us
dot image