കലൂരിൽ ബ്ലാസ്റ്റേഴ്സ് കളിക്കും; GCDA യുമായുള്ള പ്രശ്‌നം പരിഹരിച്ചു; വാടക കുടിശ്ശിക തീർക്കാൻ ഒരാഴ്ച്ച സമയം

വാടകയും കുടിശ്ശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ സമയം അനുവദിച്ചു

കലൂരിൽ ബ്ലാസ്റ്റേഴ്സ് കളിക്കും; GCDA യുമായുള്ള പ്രശ്‌നം പരിഹരിച്ചു; വാടക കുടിശ്ശിക തീർക്കാൻ ഒരാഴ്ച്ച സമയം
dot image

വാടക കുടിശ്ശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും(ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി) തമ്മിലുണ്ടായ തർക്കങ്ങൾക്ക് പരിഹാരമായി. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

വാടകയും കുടിശ്ശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്. 28 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയ്ക്കകം അടക്കേണ്ടി വരിക.

വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. നേരത്തെ, വാടക നൽകാൻ കൂടുതൽ സമയം വേണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയം വിട്ടുനൽകാൻ ജിസിഡിഎ തയ്യാറായതോടെ നാളത്തെ മത്സരത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങി.

Content Highlights:Kerala Blasters puts uncertainty to rest, confirms home game in Kochi vs Mumbai City FC

dot image
To advertise here,contact us
dot image