

തിരക്കേറിയ ഈ ജീവിതത്തില്‍ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ ഫ്രിഡ്ജ് ഇന്ന് എല്ലാ വീടുകളിലും അത്യാവശ്യമായി മാറിയിരിക്കുകയാണ്. ബാക്കി വരുന്ന ഭക്ഷണം, വരും ദിവസങ്ങളിൽ പാകം ചെയ്യാനുള്ള ഭക്ഷണം എല്ലാം സൂക്ഷിക്കാൻ ഫ്രിഡ്ജ് മതിയായെ തീരൂ. ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒരു പതിവ് രീതിയായി മാറിക്കഴിഞ്ഞു. ചിലർ ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കി വീണ്ടും പുനരുപയോഗിക്കും. ചിലർ പിന്നീട് അത് തൊട്ടുനോക്കുക പോലുമില്ല. എന്നാൽ പാകം ചെയ്ത ഓരോ ഭക്ഷ്യവസ്തുവും എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടോ? ഇല്ലെങ്കിൽ പറഞ്ഞു തരാം.
സാലഡ്
സാലഡ് രണ്ടു ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. സാലഡ് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്താൽ ഉടൻ തന്നെ കഴിക്കണം. ഫ്രീസ് ചെയ്ത് ഒരിക്കലും കഴിക്കരുത്.

ബ്രഡ്
ഫ്രിഡ്ജിൽ വച്ചാലും ബ്രഡ് കേടാവും. എക്സ്പയറി ഡേറ്റിന് മുൻപു തന്നെ ബ്രഡ് കഴിച്ചു തീർക്കുക.

മുട്ട
പാകം ചെയ്ത മുട്ടകൾ 3-4 ആഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കാം. പൊട്ടിച്ച മുട്ട 2 ദിവസം കൊണ്ട് എടുത്തുപയോഗിക്കണം.

മാംസം
മാംസാഹാരത്തിൽ വേഗത്തിൽ ബാക്ടീരിയ വളരാനുള്ള സാധ്യത ഏറെയാണ്. ആഴ്ചകളോളം മാംസാഹാരങ്ങൾ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാതിരിക്കുക. മൂന്ന് മുതൽ അഞ്ച് ദിവസത്തിൽ കൂടുതൽ മാംസം ഫ്രിഡ്ജിൽ വയ്ക്കരുത്, അത് പച്ചയായാലും പാകം ചെയ്തതായാലും. ഫ്രോസൺ ചെയ്ത മാംസമാണെങ്കിൽ മൂന്നു മാസത്തിൽ കൂടുതൽ വയ്ക്കരുത്.

മീൻ, കക്ക, ഞണ്ട്, ചെമ്മീൻ എന്നിവ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വയ്ക്കരുത്. ഫ്രോസ് ചെയ്താൽ മൂന്നു മാസത്തിൽ കൂടുതൽ വയ്ക്കരുത്. കറികൾ എന്തുതന്നെ ആയാലും മൂന്ന് നാല് ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കുക.
ഫ്രിഡ്ജ് എത്രത്തോളം ഉപയോഗപ്രദമാണെങ്കിലും ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കേണ്ട വിധം അറിയില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് അത് വഴിയൊരുക്കും. കൃത്യസമയത്ത് ശരിയായ രീതിയിൽ ആഹാരം കഴിക്കുന്നതുപോലെ വൃത്തിയുള്ള ആഹാരം കഴിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
Content Highlights: Cooked food kept in fridge for many days can possibly cause health issues.