

ലോകകപ്പിന് മുന്നോടിയായി ശസ്ത്രക്രിയയ്ക്ക് വിധേയനായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് എഫ്സിയെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെയാണ് നെയ്മർ കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ബ്രസീൽ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
2023 ഒക്ടോബറിൽ ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റതിന് ശേഷം നെയ്മർ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ കളിച്ചിട്ടില്ല. നിലവിൽ 33 വയസ്സുള്ള നെയ്മർ, പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ കളിക്കാനായി കാത്തിരിക്കുകയാണ്. പരിക്കിൽ നിന്ന് പൂർണ്ണമുക്തനായി ഫിറ്റ്നസ് വീണ്ടെടുത്തതിന് ശേഷം തന്റെ നിലവിലെ ക്ലബ്ബായ സാൻ്റോസിന് മികച്ച പ്രകടനവും നെയ്മർ കാഴ്ചവെച്ചിരുന്നു.
പിന്നാലെ ഇടംകാലിന് പരിക്കേറ്റ നെയ്മർ കളിക്കാൻ പാടില്ലെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ച് സാന്റോസിന് വേണ്ടി വീണ്ടും പന്തുതട്ടുകയായിരുന്നു. അവസാന നാല് കളിയിൽ ഹാട്രിക് ഉൾപ്പെടെ അഞ്ച് ഗോളടിച്ച നെയ്മറുടെ മികവിൽ സാന്റോസ് 12–ാം സ്ഥാനത്ത് അവസാനിപ്പിച്ചു. 20 ടീമുകളുള്ള ലീഗിൽ അവസാന നാല് സ്ഥാനക്കാർ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുമായിരുന്നു.
സാന്റോസിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ നെയ്മർ ദൗത്യം പൂർത്തിയാക്കി ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയാണെന്നും അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ഉടൻ വിധേയനാവുകയാണെന്നും അടുത്ത ലക്ഷ്യം ലോകകപ്പാണെന്നും നെയ്മർ പറഞ്ഞു. തന്റെ അവസാന ലോകകപ്പായിരിക്കാൻ സാധ്യതയുള്ള 2026ൽ ടീമിനെ കിരീടത്തിലെത്തിക്കുമെന്ന് അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.
Content Highlights: Neymar Undergoes Minor Knee Surgery with hopes of making it to Brazil squad for FIFA World Cup 2026