

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. സിസേറിയന്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നംഗ ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് വളര്‍ച്ച കുറവ് ഉണ്ടായത് സങ്കീര്‍ണത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തേ തന്നെ സിസേറിയന്‍ ചെയ്യാമായിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ അതിലേക്ക് കടക്കാന്‍ ഡോ. ബിന്ദു സുന്ദറിന് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറി. നിലവിൽ സസ്പെൻഷനിലാണ് ബിന്ദു സുന്ദർ. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പ് തുടര്‍ നടപടികൾ സ്വീകരിക്കും. ബിന്ദു സുന്ദറിന്റെ വിശദമായ മൊഴിടക്കം വിദഗ്ധ സമിതി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുഞ്ഞ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ അന്വേഷണത്തിന് നിയോഗിച്ചത്.
ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു വിതുര സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണന്റെയും ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞ് മരിച്ചത്. പതിനാറാം തീയതി രാവിലെ പത്തിന് ഒന്‍പതാം മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കാണിക്കാന്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയതായിരുന്നു നിരഞ്ജനയും ഭര്‍ത്താവും. തുടര്‍ന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴിന് പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമില്‍ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് മണിയായിട്ടും പ്രസവം നടന്നില്ല. തുടര്‍ന്ന് 2.20 ന് ആബുലന്‍സില്‍ നിരഞ്ജനയെ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തീയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് ശേഷമാണ് ബിനിലിനെ വിളിച്ച് കാര്യം പറയുന്നത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ ആരോഗ്യ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും ആരോപണ വിധേയയാ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേയ്ക്ക് പോകുന്നുവെന്ന പരാതിയില്‍ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
Content Highlights- An investigation report has concluded that Dr Bindu Sundar committed a serious lapse in connection with a delay in performing a cesarean section