

മലപ്പുറം എഫ്സിയെ തകർത്ത് തൃശൂർ മാജിക് എഫ്സി സൂപ്പർ ലീഗ് കേരളയുടെ ഫൈനലിൽ പ്രവേശിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് തൃശൂർ കന്നി ഫൈനലിന് യോഗ്യത നേടിയത്. ട്രിനിഡാഡ് ആന്റ് ടൊബാഗോ താരം മാർക്കസ് ജോസഫിന്റെ ഹാട്രിക്കാണ് തൃശൂരിന് വിജയമൊരുക്കിയത്. എൽഫോർസിയാണ് മലപ്പുറത്തിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഫൈനലിൽ തൃശൂർ മാജിക് എഫ്സി കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും.
പതിനേഴാം മിനിറ്റിൽ തൃശൂർ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ പറത്തിയ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. തൊട്ടടുത്ത മിനിറ്റിൽ തൃശൂരിന്റെ ജിയാദ് ഒറ്റയ്ക്ക് മുന്നേറി നടത്തിയ ശ്രമവും. ലക്ഷ്യത്തിലെത്തിയില്ല. ഇരുപത്തിമൂന്നാം മിനിറ്റിൽ തൃശൂരിന്റെ നാല് പ്രതിരോധക്കാർക്കിടയിൽ നിന്ന് മലപ്പുറത്തിന്റെ എൽഫോർസിയുടെ കാലിൽ നിന്ന് പോയ മഴവിൽ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറി ച്ചു.
ഇരുപത്തിയാറാം മിനിറ്റിൽ തൃശൂർ ഗോൾ നേടി. ബോക്സിന് തൊട്ടുപുറത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചത് മാർക്കസ് ജോസഫ്. പ്രതിരോധമതിലിൽ നിന്ന നിധിൻ മധുവിന്റെ ശരീരത്തിൽ തട്ടി ദിശമാറിയാണ് പന്ത് മലപ്പുറത്തിന്റെ വലയിൽ കയറിയത് (1-0). ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം സമനില നേടി. ഫ്രീകിക്കിൽ നിന്ന് മൊറൊക്കോക്കാരൻ എൽഫോർസിയാണ് സ്കോർ ചെയ്തത് (1-1).
രണ്ടാംപകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ മലപ്പുറത്തിന് മികച്ച അവസരം ലഭിച്ചു. യുവതാരം അഭിജിത്തിന്റെ പാസ് സ്വീകരിച്ച് എയ്ത്തോർ ആൽഡലിർ തിരിച്ചുവിട്ട പന്ത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി. അറുപത്തിയഞ്ചാം മിനിറ്റിൽ മാർക്കസ് ജോസഫിന്റെ ബാക്ക് ഹീൽ പാസ് ഫൈസൽ അലി കരുത്തുറ്റ ഷോട്ടാക്കി മാറ്റിയെങ്കിലും മലപ്പുറത്തിന്റെ പോസ്റ്റിൽ നിന്ന് ഏറെ അകലെയായി. എൺപത്തിനാലാം മിനിറ്റിൽ തൃശൂർ രണ്ടാം ഗോളും ഇഞ്ചുറി സമയത്ത് മൂന്നാം ഗോളും മാർക്കസ് ജോസഫിലൂടെ മലപ്പുറത്തിന്റെ വലയിലെത്തിച്ചു.
ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യപാദം മലപ്പുറം 1-0 നും രണ്ടാംപാദം തൃശൂർ 2-1 നും ജയിച്ചിരുന്നു. ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനം നേടിയാണ് തൃശൂർ (17 പോയന്റ്) സെമിയിൽ പ്രവേശിച്ചത്. മൂന്നാം സ്ഥാനക്കാരായി മലപ്പുറവും (14 പോയന്റ്) അവസാന നാലിൽ ഇടം നേടി. രണ്ടാം സെമി ഫൈനലിന് സാക്ഷിയാവാൻ 11133 കാണികൾ ഗ്യാലറിയിലെത്തി.
Content Highlights: SLK: Thrissur Magic FC beats Malappuram FC and joins Kannur Warriors in the Grand Final