

പ്രീമിയര്‍ ലീഗില്‍ ടോട്ടനവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ടോട്ടനം ഹോട്ട്‌സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സ്റ്റോപ്പേജ് ടൈമില്‍ മാത്യൂസ് ഡി ലിഗ്റ്റ് അടിച്ച ഗോളാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. യുണൈറ്റഡിന് വേണ്ടി ബ്രയാന്‍ എംബ്യൂമോയും മാത്യൂസ് ഡി ലിഗ്റ്റും ഗോള്‍ നേടിയപ്പോള്‍ മാത്തിസ് ടെലും റിച്ചാര്‍ലിസണും ടോട്ടനത്തിന് വേണ്ടി വലകുലുക്കി.
മത്സരത്തിൽ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. 32-ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ബ്രയാൻ എംബ്യൂമോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ 84-ാം മിനിറ്റ് വരെ ഈ ലീഡ് നിലനിർത്താൻ യുണൈറ്റഡിന് സാധിച്ചു. 84-ാം മിനിറ്റിൽ മാത്തിസ് ടെൽ ടോട്ടനത്തിന് വേണ്ടി ഒരുഗോൾ തിരിച്ചടിച്ചു.
ഇഞ്ചുറി ടൈമിൽ ആവേശകരമായ മത്സരമാണ് ആരാധകരെ കാത്തിരുന്നത്. സ്റ്റോപ്പേജ് ടൈമിന്റെ ഒന്നാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടനത്തെ മുന്നിലെത്തിച്ചു. ടോട്ടനം വിജയമുറപ്പിച്ചെന്ന് തോന്നിപ്പിച്ച നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കണ്ടെത്തി. 90+6-ാം മിനിറ്റിൽ മാത്യൂസ് ഡി ലിഗ്റ്റ് ഉയർന്നു ചാടി നേടിയ ഹെഡ്ഡർ ഗോളിൽ യുണൈറ്റഡ് പരാജയം ഒഴിവാക്കി. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്.
Content Highlights: Matthijs de Ligt's stoppage-time equaliser earns Manchester United draw at Tottenham