വന്ദേഭാരതിലെ RSS ഗണഗീതം വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ; പോസ്റ്റിൽ വരികളുടെ ഇംഗ്ലീഷ് വിവർത്തനവും

വിമർശനത്തിന് പിന്നാലെ ആദ്യ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഇതേ വീഡിയോ പങ്കുവെച്ചു

വന്ദേഭാരതിലെ RSS ഗണഗീതം വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ; പോസ്റ്റിൽ വരികളുടെ ഇംഗ്ലീഷ് വിവർത്തനവും
dot image

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ. എക്‌സ് അക്കൗണ്ടിലാണ് വീഡിയോ വീണ്ടും പങ്കുവെച്ചത്. 'എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവരുടെ സ്‌കൂൾ ഗാനം മനോഹരമായി അവതരിപ്പിച്ചു.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവർത്തനവും പോസ്റ്റിലുണ്ട്.

ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉദ്ഘാടനയോട്ടം നിർവഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചത്. പിന്നാലെ ഗാനാലാപനത്തിന്റെ വീഡിയോ റെയിൽവേ ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 'എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഇതേ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായിവർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിഷയത്തിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു. 'നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചതെന്നായിരുന്നു സനോജിന്റെ വിമർശനം. ട്രെയിൻ നിർമിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണെന്നും ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതിയെന്നുമായിരുന്നു വി കെ സനോജിന്‍റെ വിമർശനം.

ഗണഗീതം ആലപിച്ച സംഭവത്തിൽ പ്രതിഷേധം അറിയിക്കാൻ കേന്ദ്ര റെയിൽവേമന്ത്രിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി കത്ത് അയച്ചിരുന്നു. കുട്ടികളെകൊണ്ട് ഗണഗീതം ആലപിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്നും ആർഎസ്എസ് നിയന്ത്രിത സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ മതേതര മൂല്യങ്ങളെയും അന്തസ്സിനെയും ദുർബലപ്പെടുത്തുന്ന ഈ നീക്കത്തിലൂടെ കേന്ദ്ര ഭരണകൂടം തനിനിറം കാണിക്കുകയാണെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

Content Highlights : Southern Railway again post's video of Students singing RSS Ganageetham at Vande Bharat

dot image
To advertise here,contact us
dot image