

ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകന്റെ ഫസ്റ്റ് സിംഗിൾ പുറത്തിറങ്ങി. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണുന്നത്. ഒപ്പം കട്ടയ്ക്ക് പൂജ ഹെഗ്ഡെയും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ചുവടുവെക്കുന്നുണ്ട്. ഒരു പക്കാ സെലിബ്രേഷൻ വൈബിൽ ഒരുക്കിയ ഗാനമാണ് 'ദളപതി കച്ചേരി' എന്ന പേരിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഒറ്റ കേൾവിയിൽ തന്നെ അഡിക്റ്റായി പോകുന്ന ഒരു ഗാനമാണ് അനിരുദ്ധ് ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'അനി കത്തിച്ചു…', 'ഇനി പടത്തിലെ സ്കോറും ഇതുപോലെയാണെങ്കിൽ കലക്കും', 'അനിരുദ്ധ് റോക്സ്', എന്നിങ്ങനെ നിരവധി കമന്റുകളാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനത്തിന്റെ അവസാനം അണ്ണാ വൺ ലാസ്റ്റ് ഡാൻസ് എന്ന് അനിരുദ്ധ് പറയുന്നിടത്താണ് നിർത്തുന്നത്. ജനനായകൻ വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. സാധാരണ വിജയ് സിനിമകളുടെ അപ്പ് ഡേറ്റിന് ലഭിക്കുന്ന ആവേശമൊന്നും സിനിമയുടെ പോസ്റ്ററിന് ലഭിച്ചില്ല എന്നുമാത്രമല്ല വിമർശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ ഒരു ഗാനത്തോടെ അതെല്ലാം മാറ്റി മറിച്ചിരിക്കുകയാണ് സിനിമ.

ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സിനിമയുടെ തമിഴ്നാട് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് റോമിയോ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlights: Vijay Starrer Jananayagan first single out