

ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ പണം സംഭാവന നൽകിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. 2024-2025 സാമ്പത്തിക വർഷത്തിലെ( ഏപ്രിൽ 2024- മാർച്ച് 2025) കണക്കുകളാണ് EdelGive Hurun India പുറത്തുവിട്ടിരിക്കുന്നത്.
ഇത് 12ാം വർഷമാണ് എഡേൽഗിവ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്തുവിടുന്നത്. 191 പേരാണ് ഇത്തവണ പട്ടികയിലുള്ളത്. ഇവർ എല്ലാവരും ചേർന്ന് 10,380 കോടി രൂപയാണ് വിവിധ മേഖലകളിലായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 85 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നിലുള്ളത് എച്ച്‌സിഎൽ ടെക്‌നോളജീസ് സ്ഥാപകനായ ശിവ് നാടറും കുടുംബവുമാണ്. 2708 കോടിയാണ് ശിവ് നാടാർ ഫൗണ്ടേഷനിലൂടെ ഇവർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകിയത്. കഴിഞ്ഞ വർഷത്തേക്കാൾ 555 കോടി കൂടുതലാണ് ഇത്തവണ ഇവർ സംഭാവന നൽകിയത്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മുകേഷ് അംബാനിയാണ്. ശിവ് നാടാറെ അപേക്ഷിച്ച് ആയിരത്തിലേറെ കോടിയുടെ കുറവുണ്ടെങ്കിലും 626 കോടിയോളമാണ് മുകേഷ് അംബാനിയും കുടുംബവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഫൗണ്ടേഷൻ വഴിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. കഴിഞ്ഞ വർഷത്തേക്കാൾ 219 കോടി അധികം അംബാനി കുടുംബം ചാരിറ്റിയ്ക്കായി ചിലവഴിച്ചു. ഹിന്ദുജ ഫൗണ്ടേഷനാണ് മൂന്നാം സ്ഥാനത്ത് വരുന്നത്. 298 കോടിയാണ് ഇവർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 197 കോടി അധികമാണിത്.

ഈ കണക്കുകൾ പുറത്തുവന്നതോടെ ദിവസേനെ എത്ര രൂപയാകും സംഭാവന ചെയ്തിരിക്കുക എന്നും ആളുകൾ കണക്ക് കൂട്ടാൻ തുടങ്ങിയിട്ടുണ്ട്. ശിവ് നാടാർ 2708 കോടി ഒരു വർഷം നൽകിയെങ്കിൽ ശരാശരി 7.4 കോടി രൂപ വെച്ചാകും ദിവസവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുക എന്ന് കണക്കാക്കാം. മുകേഷ് അംബാനിയിലേക്ക് എത്തുമ്പോൾ ഇത് 1.7 കോടി രൂപയാകുന്നു. ഹിന്ദുജ ഫൗണ്ടേഷൻ 81.6 ലക്ഷം രൂപ എന്ന രീതിയിലാകും കണക്കാക്കുകൾ.

ഈ മൂന്ന് സ്ഥാനങ്ങൾ കഴിഞ്ഞാൽ പിന്നീട് ആദ്യ പത്തിലുള്ളത് ആദിത്യ ബിർല, ബജാജ്, യുഎൻഎം ഫൗണ്ടേഷൻ, അശോക് സൂത, ഹരീഷ് ഷാ ആന്റ് ബിന ഷാ ഫൗണ്ടേഷൻ, റുംഗ്താ സൺസ്, നന്ദൻ നിലേക്കനി എന്നിവരാണ്. ആദ്യ പത്തിൽ ഉൾപ്പെട്ടവരെല്ലാം മുൻ വർഷത്തേക്കാൾ അധികം തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലാണ് ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്. ആരോഗ്യരംഗം, സാമൂഹ്യ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് മറ്റ് മേഖലകൾ.
Content Highlights: Top 10 philanthropists in India - list out