തകര്‍ത്തടിച്ച് രോഹന്‍ കുന്നുമ്മല്‍; സൗരാഷ്ട്രയ്‌ക്കെതിരെ മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് മികച്ച തുടക്കം

ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റുമായി എം ഡി നിധീഷ് കേരളത്തിന് വേണ്ടി തിളങ്ങിയിരുന്നു

തകര്‍ത്തടിച്ച് രോഹന്‍ കുന്നുമ്മല്‍; സൗരാഷ്ട്രയ്‌ക്കെതിരെ മറുപടി ബാറ്റിങ്ങില്‍ കേരളത്തിന് മികച്ച തുടക്കം
dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കിയ കേരളം മറുപടി ബാറ്റിങ്ങിൽ ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മൽ (59*), അഹമ്മദ് ഇമ്രാൻ (2*) എന്നിവരാണ് ക്രീസിൽ. 18 റൺസെടുത്ത ആകർഷിനെയും ഒരു റണ്ണെടുത്ത സച്ചിൻ ബേബിയെയുമാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. നിലവിൽ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 78 റൺസ് പിന്നിലാണ് കേരളം.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റുമായി എം ഡി നിധീഷ് കേരളത്തിന് വേണ്ടി തിളങ്ങിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 160 റണ്‍സിനാണ് സൗരാഷ്ട്ര പുറത്തായത്. 84 റണ്‍സെടുത്ത ജയ് ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. തുടക്കത്തിൽ‌ 7‌ റൺസിന് മൂന്ന് വിക്കറ്റെന്ന സ്കോറില്‍ തകര്‍ന്ന സൗരാഷ്ട്രയെ ഗോഹിലും 23 റണ്‍സെടുത്ത ഗജ്ജര്‍ സമ്മറും ചേര്‍ന്നാണ് 100 റൺസ് കടത്തിയത്. കേരളത്തിന് വേണ്ടി എം ഡി നിധീഷ് ആറ് വിക്കറ്റെടുത്ത് തിളങ്ങി. ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യദിനം തന്നെ സൗരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരള ബോളർമാർ കാഴ്ചവെച്ചത്. ജയ് ഗോഹിലിന്റെ ഒറ്റയാൾ പോരാട്ടമാണ് സൗരാഷ്ട്രയ്ക്ക് കരുത്തായത്. 123 പന്തിൽ 11 ഫോറും രണ്ട് സിക്‌സും സഹിതം 84 റൺസെടുത്ത ഗോഹിലിനൊപ്പം മറ്റ് ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിഞ്ഞില്ല.

കേരള ബോളർമാരിൽ പേസർ നിധീഷ് എം ഡി മിന്നും പ്രകടനം പുറത്തെടുത്തു. 13 ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങിയാണ് നിധീഷ് ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. സൗരാഷ്ട്ര ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടിന്റെ വിക്കറ്റ് ഉൾപ്പെടെ 3 വിക്കറ്റുകൾ വീഴ്ത്തി ബി അപരാജിത് മികച്ച പിന്തുണ നൽകി. എദൻ ആപ്പിൾ ടോം ഒരു വിക്കറ്റും നേടി.

Content Highlights: Ranji Trophy: Kerala vs Saurashtra updates

dot image
To advertise here,contact us
dot image