ഇന്‍റർ മയാമിക്ക് ആശങ്കയായി മെസ്സിയുടെ പരിക്ക്; അപ്ഡേറ്റ് നല്‍കി കോച്ച് മഷെറാനോ

മത്സരത്തിന്റെ തുടക്കം തന്നെ പരിക്കേറ്റ താരം കളംവിടുകയും ചെയ്തിരുന്നു

dot image

ഇന്റര്‍ മയാമിക്ക് തിരിച്ചടിയായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പരിക്ക്. ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമിയും നെകാക്‌സയും തമ്മിലുള്ള മത്സരത്തിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. ഞായറാഴ്ച നടന്ന മത്സരത്തിന്റെ തുടക്കം തന്നെ പരിക്കേറ്റ താരം കളംവിടുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. നകാക്‌സയുടെ പെനാല്‍റ്റി ബോക്‌സിലേക്ക് പന്തുമായി മുന്നേറുന്നതിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. പെനാല്‍റ്റി ഏരിയയ്ക്കടുത്ത് പ്രതിരോധ താരങ്ങളുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മെസ്സി ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് മെസ്സി വൈദ്യസഹായം തേടുകയും 11-ാം മിനിറ്റില്‍ കളംവിടുകയും ചെയ്തു.

ഫെഡറിക്കോ റെഡോണ്ടോക്ക് ക്യാപ്റ്റന്‍ ആംബാന്‍ഡ് കൈമാറിയ ശേഷം മെസ്സി നേരിട്ട് ഡ്രെസ്സിങ് റൂമിലേക്ക് പോയി. വലതുതുടയിലെ പേശീവലിവാണ് മെസ്സിക്ക് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം.

മെസ്സിയുടെ പരിക്കിനെ കുറിച്ച് മയാമി കോച്ച് ഹാവിയര്‍ മഷറാനോ മത്സരശേഷം പ്രതികരിക്കുകയും ചെയ്തു. മെസ്സിക്ക് വേദന അനുഭവപ്പെട്ടിട്ടില്ലെന്നും ഒരു വലിവ് അനുഭവപ്പെട്ടതിന് പിന്നാലെയാണ് പുറത്തുപോയതെന്നും കോച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. ഞായറാഴ്ച വിശദമായ പരിശോധന നടത്തിയതിന് ശേഷമേ പരിക്കിന്റെ വ്യാപ്തിയും തീവ്രതയും അറിയാന്‍ സാധിക്കുകയുള്ളൂ എന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

അതേസമയം മെസ്സി പരിക്കേറ്റ് പുറത്തുപോയെങ്കിലും മത്സരത്തില്‍ ഇന്‍റർ മയാമി വിജയിച്ചു. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിലാണ് നെകാക്സയെ മയാമി കീഴടക്കിയത്. നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ​ഗോളുകൾക്ക് ഇന്റർ മയാമി വിജയം പിടിച്ചെടുത്തു.

മെസ്സിയുടെ പരിക്ക് ലീഗ്‌സ് കപ്പിലെയും എംഎല്‍എസിലെയും താരത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഏഴിന് ലീഗ്‌സ് കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പ്യൂമാസിനെയാണ് മയാമി നേരിടുക.

Content Highlights: Inter Miami’s Javier Mascherano says Lionel Messi felt hamstring discomfort before early exit

dot image
To advertise here,contact us
dot image