
പ്രീമിയർ ലീഗ് സമ്മർ സീരീസ് ചാംപ്യന്മാരായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എവർട്ടണെതിരായ മത്സരം സമനിലയിൽ കലാശിച്ചതിന് ശേഷമാണ് യുണൈറ്റഡ് കിരീടം നേടിയത്. എവർട്ടണും യുണൈറ്റഡും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ യുണൈറ്റഡ് കിരീടം സ്വന്തമാക്കുകയായിരുന്നു.
ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിൽ തന്നെ യുണൈറ്റഡ് ലീഡെടുത്തു. പെനാൽറ്റിയിലൂടെ ബ്രൂണോ ഫർണാണ്ടസാണ് യുണൈറ്റഡിന്റെ ആദ്യഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് എവർട്ടൺ ഒപ്പംപിടിച്ചു. 40-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെയാണ് എവർട്ടണിന് വേണ്ടി സമനില ഗോൾ നേടിയത്.
69-ാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ കിടിലൻ ഫിനിഷ് യുണൈറ്റഡിന് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാൽ 75-ാം മിനിറ്റിൽ ബ്രാൻഡൻ ഹെവന്റെ ഓൺ ഗോൾ എവർട്ടണിനെ വീണ്ടും സമനിലയിലെത്തിച്ചു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചുപിരിഞ്ഞു.
Content Highlights: Manchester United clinch Premier League Summer Series title with draw against Everton