
ഡിജിറ്റല്‍ തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ, എവിടെനിന്നാണ് തട്ടിപ്പുകാര്‍ പണിതരുന്നതെന്ന് അറിയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി വാട്‌സ്ആപ്പിലൂടെയുളള തട്ടിപ്പുകളും പെരുകുകയാണ്. എന്നാല്‍ ഡിജിറ്റല്‍ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ഈ ആഴ്ചതന്നെ ഇന്ത്യയില്‍ എത്തും.
' സേഫ്റ്റി ഓവര്‍വ്യൂ ഫീച്ചര്‍ ' ആണ് വാട്‌സ്ആപ്പിന്റേതായി പുറത്തുവന്നിരിക്കുന്ന പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ സംശയാസ്പദമായും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയാനുള്ള ഫീച്ചറാണ് ഇത്. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് ഈ ഫീച്ചര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
ഉദാഹരണത്തിന് കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ ആ ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
ഗ്രൂപ്പ് ഉണ്ടാക്കിയ ആളെക്കുറിച്ചും ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് എന്നീ വിവരങ്ങളും പൊതുവായ സുരക്ഷാ ഫീച്ചറുകളും ഒക്കെ ഇതില്‍ കാണാന്‍ കഴിയും. ഇക്കാര്യങ്ങളൊക്കെ മനസിലാക്കിയ ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്ത് പോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും നിങ്ങള്‍ക്ക് ലഭിക്കില്ല.
Content Highlights : WhatsApp introduces new security feature. What is WhatsApp's new Safety Overview feature?