ഒറ്റ​ഗോളിൽ ഫോഴ്‌സ കൊച്ചിയെ വീഴ്ത്തി; തുടർച്ചയായ മൂന്നാം വിജയത്തോടെ തൃശൂർ ഒന്നാമത്

ലീഗിൽ കൊച്ചിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്

ഒറ്റ​ഗോളിൽ ഫോഴ്‌സ കൊച്ചിയെ വീഴ്ത്തി; തുടർച്ചയായ മൂന്നാം വിജയത്തോടെ തൃശൂർ ഒന്നാമത്
dot image

സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് തുടർച്ചയായ മൂന്നാം വിജയം. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ ഒറ്റ​ഗോളിനാണ് തൃശൂർ വീഴ്ത്തിയത്. പകരക്കാരനായി എത്തിയ അഫ്സലാണ് തൃശൂർ മാജിക് എഫ്സിയുടെ വിജയ​ഗോൾ നേടിയത്. ലീഗിൽ കൊച്ചിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. നാല് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ ഒൻപത് പോയന്റുമായി തൃശൂർ ഒന്നാം സ്ഥാനത്തും ഒരു പോയിന്റുമില്ലാത്ത കൊച്ചി അവസാനസ്ഥാനത്തുമാണ്.

10-ാം മിനിറ്റിലാണ് മത്സരത്തിൽ ഗോൾ ലക്ഷ്യമാക്കിയുള്ള ആദ്യ ഷോട്ട് പിറന്നത്. തൃശൂരിന്റെ ലെനി റോഡ്രിഗസ് ബോക്സിന് പുറത്തു നിന്ന് പറത്തിയ ഷോട്ട് കൊച്ചിയുടെ അണ്ടർ 23 ഗോൾ കീപ്പർ മുഹമ്മദ്‌ മുർഷിദ് കോർണർ വഴങ്ങി രക്ഷിച്ചു. മത്സരം 15 മിനിറ്റ് തികയും മുൻപ് കൊച്ചിയുടെ സ്പാനിഷ് താരം റാമോൺ ഗ്രാസ്യ പരിക്കേറ്റ് കളംവിട്ടു. പകരമെത്തിയത് മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ്. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഗിഫ്റ്റിയുടെ താഴ്ന്നുവന്ന ഷോട്ട് തൃശൂർ ഗോളി കമാലുദ്ധീൻ പ്രയാസപ്പെട്ട് തടഞ്ഞിട്ടു.

മുപ്പത്തിരണ്ടാം മിനിറ്റിൽ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും കൊച്ചി കീപ്പർ മുർഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കാനിരിക്കെ മാർക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുർഷിദ് തടഞ്ഞിട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർബിയക്കാരൻ ഇവാൻ മാർക്കോവിച്ചിനെ പിൻവലിച്ച തൃശൂർ ഉമാശങ്കറിനെ കൊണ്ടുവന്നു. അൻപത്തിയൊന്നാം മിനിറ്റിൽ തൃശൂരിന് അവസരം. എസ് കെ ഫയാസ് വലതുവിങിൽ നിന്ന് നൽകിയ ക്രോസിന് മാർക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിൻവലിച്ച കൊച്ചി നിജോ ഗിൽബർട്ടിനും എസ് കെ ഫായാസിന് പകരം തൃശൂർ ഫൈസൽ അലിക്കും അവസരം നൽകി. എൺപതാം മിനിറ്റിൽ കൊച്ചിയുടെ മുഷറഫിനെ ഫൗൾ ചെയ്ത ബിബിൻ അജയന് മഞ്ഞക്കാർഡ് ലഭിച്ചു. തൊണ്ണൂറാം മിനിറ്റിൽ തൃശൂർ വിജയഗോൾ നേടി. മധ്യനിരയിൽ നിന്ന് ലഭിച്ച ത്രൂബോളുമായി കുതിച്ച അഫ്സൽ കൊച്ചി ഗോളിയുടെ കൈകൾക്ക് ഇടയിലൂടെ പന്ത് വലയിലെത്തിച്ചു.

അഞ്ചാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഞായറാഴ്ച (നവംബർ 2) കാലിക്കറ്റ്‌ എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Content Highlights: Content Highlights: Super League Kerala; Thrissur Magic FC beats Forca Kochi

dot image
To advertise here,contact us
dot image