

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ഇന്ന് കർണ്ണാടകയെ നേരിടും. തിരുവനന്തപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമാണിത്. സീസണിൽ കേരളത്തിൻ്റെ മൂന്നാം മത്സരമാണ് ഇന്ന് നടക്കുക. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിലും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിലും കേരളം ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കർണ്ണാടകയ്ക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് കേരളം കളിക്കാനിറങ്ങുക. രണ്ട് മത്സരങ്ങളിൽ നിന്ന് നിലവിൽ രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്.
ടീമിൽ മാറ്റങ്ങളുമായാണ് കേരളം ഇന്ന് കർണാടകയ്ക്കെതിരെ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സൽമാൻ നിസാറിനെയും പഞ്ചാബിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്ത വത്സൽ ഗോവിന്ദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ പര്യടനത്തിന് വേണ്ടി ഇന്ത്യൻ ടീമിനൊപ്പമുള്ള സൂപ്പർ താരം സഞ്ജു സാംസണും നിലവിൽ ടീമിനൊപ്പമില്ല. സൽമാൻ നിസാറിന്റെയും വത്സൽ ഗോവിന്ദിന്റെയും പകരക്കാരായി കൃഷ്ണപ്രസാദ്, വൈശാഖ് ചന്ദ്രൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ മുൻ താരം മായങ്ക് അഗർവാളിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കർണ്ണാടക ടീം ശക്തമായ വെല്ലുവിളി തന്നെ കേരളത്തിന് ഉയർത്തുമെന്ന് ഉറപ്പാണ്. കരുൺ നായർ, അഭിനവ് മനോഹർ, ശ്രേയസ് ഗോപാൽ, തുടങ്ങിയ കരുത്തരടങ്ങിയതാണ് കർണ്ണാടക ടീം. കഴിഞ്ഞ മത്സരത്തിൽ കരുൺ നായർ പുറത്താകാതെ 174 റൺസ് നേടിയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് കർണ്ണാടകയുടെ സമ്പാദ്യം.
Content Highlights: Ranji Trophy 2025-26 round 3: Kerala vs Karnataka Match is today