

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറാണ് അറസ്റ്റിലായത്. രാവിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയില്‍ ഹാജരാക്കും. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി സി കെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളണ് ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ ഡി സുധീഷ് കുമാര്‍. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പ്രതി ചേര്‍ത്തിരുന്നത്. ഈ കേസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായത്. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. ദേവസ്വം ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
അതിനിടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തവയില്‍ നിര്‍ണായക രേഖകളുണ്ടെന്ന വിവരവും പുറത്തുവന്നു. പിടിച്ചെടുത്തതില്‍ 420 പേജുള്ള ഫയലുകളുണ്ട്. 1999 ലെ സ്വര്‍ണം പൊതിയലിന്റെ വിശദരേഖകളും പിടിച്ചെടുത്തവയിലുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെയും എത്ര സ്വര്‍ണം കൊണ്ടുവന്നു എന്നതിന്റെയും കണക്കും രേഖകളില്‍ വ്യക്തമാണ്. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞത് 1,564 ഗ്രാം സ്വര്‍ണമെന്നാണ് രേഖകളില്‍ പറയുന്നത്. വാതില്‍പ്പാളികയിലും കട്ടിളയിലുമായി 2,519 ഗ്രാം സ്വര്‍ണവും പൊതിഞ്ഞു. വ്യാഴാഴ്ചയായിരുന്നു ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ പരിശോധന നടന്നത്.
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പല തവണ പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു. വിശദമായ അന്വേഷണത്തിന്റെയും തെിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പിന്നീട് മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തത്. ഇതാണ് പിന്നീട് സുധീഷ് കുമാറിലേക്ക് നീണ്ടത്.
Content Highlights- Former devaswom board executive officer Sudheesh kumar arrested on sabarimala gold theft case