

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ വിജയിച്ച് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ കൊമ്പന്മാർ മറികടന്നത്. 87-ാം മിനിറ്റിൽ കോൾദോ ഒബെയ്റ്റ ഓൾബിയർദീ ബ്ലാസ്റ്റേഴ്സിനായി ഗോൾവല ചലിപ്പിച്ചു. ആദ്യ വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ മുംബൈ സിറ്റിയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
മത്സരത്തിന്റെ ആദ്യ പകുതി തികച്ചും വിരസമായിരുന്നു. ഇരു ടീമുകളും മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഏതാനും മുന്നേറ്റങ്ങൾ നടത്തിയപ്പോൾ രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധവുമായി കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ രാജസ്ഥാന്റെ ഗുർസിമ്രാത്ത് ഗിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രാജസ്ഥാൻ താരങ്ങൾ 10 പേരായി ചുരുങ്ങി.
ശക്തമായ പ്രതിരോധമാണ് രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിനായി രാജസ്ഥാൻ ഒരുക്കിയത്. ഒടുവിൽ 87-ാം മിനിറ്റിൽ കോൾദോ ഒബെയ്റ്റ രാജസ്ഥാന്റെ പ്രതിരോധം തകർത്തു. ബോക്സിനുള്ളിലേക്ക് ലഭിച്ച ക്രോസ് ഹെഡറിലൂടെ വലയിലാക്കിയ ഓൾബിയർദീ കൊമ്പന്മാരെ മുന്നിലെത്തിച്ചു. അവശേഷിച്ച ഏതാനും മിനിറ്റിൽ രാജസ്ഥാന് സമനില ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ മത്സര വിജയവും നിർണായകമായ മൂന്ന് പോയിന്റും ബ്ലാസ്റ്റേഴ്സ് സ്വന്താക്കി.
Content Highlights: KBFC edge past Rajasthan United in hard-fought campaign opener