സഞ്ജുവിനെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ലോകകപ്പ് കയ്യീന്ന് പോയേനെ, ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഗ്രേറ്റ്!:പോണ്ടിങ്

ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ സഞ്ജുവിനെ വിശ്വസിച്ച് വലിയൊരു ഉത്തരവാദിത്തം ഏൽപ്പിച്ച ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ അഭിനന്ദിച്ച് റിക്കി പോണ്ടിംഗ്

സഞ്ജുവിനെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ലോകകപ്പ് കയ്യീന്ന് പോയേനെ, ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഗ്രേറ്റ്!:പോണ്ടിങ്
dot image

2026 ടി20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടപ്പോൾ, ആ വിജയത്തിന് കാരണമായത് സഞ്ജു സാംസണെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നതാണെന്ന് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ സഞ്ജുവിനെ വിശ്വസിച്ച് വലിയൊരു ഉത്തരവാദിത്തം ഏൽപ്പിച്ച ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ പോണ്ടിംഗ് അഭിനന്ദിക്കുകയും ചെയ്യും. ഐസിസി റിവ്യൂ ഷോയിൽ സഞ്ജന ഗണേശനോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സഞ്ജുവിനെ ടോപ്പ് ഓർഡറിൽ നിലനിർത്താനുള്ള തീരുമാനം വളരെ വലുതായിരുന്നു. അവസാനം അത് വലിയ വിജയമായി മാറുകയും ചെയ്തു. കോച്ചിന്റെയും ക്യാപ്റ്റന്റെയും പിന്തുണ ലഭിച്ചാൽ പിന്നെ ഒരു കളിക്കാരനും മറ്റൊന്നും വേണ്ട. സഞ്ജുവിനെപ്പോലെ നിലവാരമുള്ള ഒരു താരത്തിന് ആത്മവിശ്വാസം പകർന്നു നൽകിയാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു.' പോണ്ടിംഗ് പറഞ്ഞു.

ലോകകപ്പിന് തൊട്ടുമുൻപ് ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലെ മോശം പ്രകടനം കാരണം അമേരിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തിയിരുന്നു. അഭിഷേക് ശർമയ്ക്ക് അസുഖം ബാധിച്ചപ്പോൾ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരെ സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. എന്നാൽ സൂപ്പർ 8 പോരാട്ടങ്ങൾ ഫോം കണ്ടെത്താൻ അഭിഷേക് ശർമ പാടുപ്പെട്ടതോടെ, സിംബാബ്‌വെക്കെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറായി ടീം തിരികെ വിളിച്ചു.

സിംബാബ്‌വെക്കെതിരെ 15 പന്തിൽ 24 റൺസുമായി തുടങ്ങിയ സഞ്ജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേ ഇല്ല. വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ പുറത്താകാതെ 97* റൺസ് സ്വന്തമാക്കിയ സഞ്ജു, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെ 89 റൺസും അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചു.

കളിച്ച 5 മത്സരങ്ങളിൽ നിന്ന് 321 റൺസാണ് സഞ്ജു സാംസൺ ടി20 ലോകകപ്പിൽ അടിച്ചുകൂട്ടിയത്. ആദ്യ മത്സരങ്ങളിൽ സഞ്ജു നിറം മങ്ങിയെങ്കിലും ഒടുവിൽ പ്ലെയർ ഓഫ് ദി ടൂർണമെൻഡ് പുരസ്കാരവും നേടി ഇരട്ടിമധുരത്തോടെയാണ് താരം മടങ്ങിയത്. പുറത്താകുമെന്ന് തോന്നിച്ച ഘട്ടങ്ങളിൽ ടീമിനെ ഒറ്റയ്ക്ക് സ്വന്തം തോളിലേന്തി വിജയത്തിലേക്ക് കൊണ്ടെത്തിച്ച സഞ്ജു ഇനിയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Content highlights: Ricky Ponding on India's brave decision to take Sanju Samson to the opening position

dot image
To advertise here,contact us
dot image