

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ 'നമോ രേ' ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് രാജീവ് എന്‍ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോര്‍ജുമാണ്. എന്‍ഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ കിഷോര്‍ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാന്‍ഷ് നാമയും ചേര്‍ന്നാണ്. സഹനിര്‍മ്മാതാവ് താരക് സിനിമാസ്.
ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തില്‍ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് 'നമോ രേ' ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികള്‍ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. രാജീവ് എന്‍ കൃഷ്ണയുടെ വരികള്‍, ആഴത്തിലുള്ള ആത്മീയത ഉളവാക്കുകയും വ്യക്തിപരമായ വിശ്വാസത്തെയും ദൈവിക ബന്ധത്തെയും പ്രതിഫലിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അരുണ മേരി ജോര്‍ജിന്റെ ശബ്ദം ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാന്‍ അധിനിവേശത്തില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. അസാധാരണമായ സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രം, വലിയ സെറ്റുകള്‍ മുതല്‍, വിഎഫ്എക്‌സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേല്‍നോട്ടവും നല്‍കി കൊണ്ട് ഇന്ത്യന്‍ സിനിമയിലെ നിര്‍മ്മാണ മൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. ഉഗ്രമായ അവതാരമായി സ്‌ക്രീനിലെത്തുന്ന നായകന്‍ വിരാട് കര്‍ണ്ണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോന്‍,ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ബ്രഹ്‌മാണ്ഡ സെറ്റുകളില്‍, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയില്‍ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകര്‍ഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2026 സമ്മര്‍ റിലീസായി എത്തും.
Content Highlights: Abhishek Nama has penned the lyrics for the Malayalam version of the song 'Namo Re' from the film Nagabandha