

അവാർഡ് ദാന ചടങ്ങിനിടെ മിമിക്രി താരം കലാഭവൻ സരിഗയ്ക്ക് കൈ നൽകാൻ വിസമ്മതിച്ച വിഷയത്തിൽ പ്രതികരണവുമായി നടൻ ശങ്കർ. നടന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും സരിഗയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ശങ്കർ വ്യക്തമാക്കി. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് താരം തന്റെ ഭാഗം വ്യക്തമാക്കിയത്. സിനിമയിൽ എത്തിയിട്ട് 45 വർഷത്തോളമായെന്നും ഇതുവരെ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും താരം ഓർമിപ്പിച്ചു. സംഭവം വിവാദമായ സാഹചര്യത്തിൽ ഇന്നലെത്തന്നെ സരിഗയെ ഫോണിൽ വിളിച്ച് സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

‘നമസ്കാരം, ഇന്നലെ ഉണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. രണ്ടു മൂന്നു ദിവസം മുൻപ് ചങ്ങമ്പുഴ പാർക്കിൽ ഒരു പരിപാടി നടന്നു. അവിടെ വച്ച് നടന്ന ചടങ്ങിൽ എനിക്ക് ‘‘ദ്രോണ അവാർഡ്’’ ലഭിച്ചിരുന്നു. എന്നെ കൂടാതെ നിരവധി കലാകാരന്മാർ അവിടെയുണ്ടായിരുന്നു, അവർക്കും അവാർഡുകൾ ലഭിച്ചു. അതിൽ കലാഭവൻ സരിഗക്കും ഒരു അവാർഡ് ഉണ്ടായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ അവർക്ക് കൈ കൊടുത്തില്ല എന്ന തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അതൊരു വലിയ തെറ്റിദ്ധാരണ ആണ്. വിനയൻ സാർ അവാർഡ് നൽകിയ ശേഷം സരിഗ എനിക്ക് കൈ തരാൻ തുടങ്ങിയിട്ട് എന്റെ കാല് തൊട്ട് നമസ്കരിക്കാൻ വരികയും അവർ കാല് പിടിക്കാൻ ആഞ്ഞപ്പോൾ ഞാൻ കൈകൾ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ കൈ കൊടുക്കാതിരുന്നതല്ല. ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും വരുന്നില്ല.
സിനിമയിൽ വന്നിട്ട് ഇപ്പോൾ പത്തു 45 വർഷത്തോളമായി. ഇതുവരെ ഞാൻ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, എല്ലാവരോടും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതായാലും ഇതൊരു ദൗർഭാഗ്യകരമായ പ്രചാരണമായിപ്പോയി. അതൊരു തെറ്റിദ്ധാരണയാണ്. ഇന്നലെ ഞാൻ സരിഗയെ വിളിച്ചിരുന്നു. ഞങ്ങൾ കുറച്ചുനേരം സംസാരിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഞാൻ അവരോട് സോറിയും പറഞ്ഞു. എല്ലാവർക്കും നന്ദി', ശങ്കറിന്റെ വാക്കുകൾ.
സംവിധായകന്‍ വിനയന്‍ മൊമന്റോയും നടന്‍ ശങ്കര്‍ പ്രശസ്തി പത്രവുമാണ് സരിഗയ്ക്ക് കൈമാറിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി ശങ്കറിന് നേരെ കൈനീട്ടിയെങ്കിലും അത് നിരസിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് സരിഗ ശങ്കറിന്റെ കാലില്‍ തൊട്ട് വന്ദിച്ചതിനു ശേഷമാണ് താരം സ്റ്റേജില്‍ നിന്ന് മടങ്ങിയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ശങ്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
Content Highlights: Actor shankar reacts to the criticism to faced for not giving handshake to kalabhavan sariga