
പാരിസ്: ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബാപ്പെക്ക് ഫ്രാന്സിലുള്ളതിനേക്കാള് ആരാധകര് ഇന്ത്യയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംബാപ്പെ ഇന്ത്യന് യുവതാരങ്ങള്ക്കിടയില് സൂപ്പര്ഹിറ്റാണെന്ന് മോദി പറഞ്ഞു. ഫ്രാന്സ് പര്യടനത്തിനിടെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഫ്രഞ്ച് ഫുട്ബോള് താരം കിലിയന് എംബാപ്പെ ഇന്ത്യയിലെ യുവാക്കള്ക്കിടയില് സൂപ്പര്ഹിറ്റാണ്. ഫ്രാന്സിലുള്ളവരേക്കാള് എംബാപ്പെയെ കൂടുതല് അറിയാവുന്നത് ഇന്ത്യക്കാര്ക്കാണ്', മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകളെ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
#WATCH | French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France, said PM Modi, in Paris pic.twitter.com/fydn9tQ86V
— ANI (@ANI) July 13, 2023
ഖത്തര് ലോകകപ്പിലെ തകര്പ്പന് പ്രകടനമാണ് കിലിയന് എംബാപ്പെയ്ക്ക് കൂടുതല് ജനപ്രീതി നേടിക്കൊടുത്തത്. 2018ലെ ലോകകപ്പില് ചാംപ്യന്മാരായ ഫ്രഞ്ച് ടീമില് അംഗമായിരുന്നു എംബാപ്പെ. 2022ലെ ലോകകപ്പില് എട്ട് ഗോളുകളുമായി ടൂര്ണമെന്റിലെ ഗോള്വേട്ടക്കാരില് ഒന്നാമതെത്തിയത് ഈ ഇരുപത്തിനാലുകാരനായിരുന്നു. ഫൈനലില് ഹാട്രിക് നേട്ടത്തോടെ സാക്ഷാല് ലയണല് മെസ്സിയുടെ അര്ജന്റീനക്കെതിരെ കടുത്ത വെല്ലുവിളി ഉയര്ത്താനും എംബാപ്പെക്കായി. പിന്നീട് പെനാല്റ്റി ഷൂട്ടൗട്ടിലാണ് എംബാപ്പെയുടെ ഫ്രാന്സിന് കിരീടം നഷ്ടമായത്.
രണ്ട് ദിവസത്തെ സന്ദര്ശനത്തിനായി വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്സിലെത്തിയത്. നരേന്ദ്ര മോദിയെ ലീജ്യണ് ഓഫ് ഓണര് നല്കിയാണ് ഫ്രാന്സ് ആദരിച്ചത്. ഇരു രാജ്യങ്ങളും തമ്മില് നിര്ണായകമായ റഫേല് കരാറില് ഒപ്പുവെക്കും. മോദിയുടെ യുഎഇ സന്ദര്ശനം നാളെ മുതല് ആരംഭിക്കും.