
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന മദ്യ അഴിമതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പിഎംഎൽഎ) ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിച്ച് വരുന്ന കേസിൻ്റെ വിശദാംശങ്ങൾ ഇഡിയുടെ ഹൈദരാബാദ് ഓഫീസ് തേടിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചറിഞ്ഞ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, അറസ്റ്റിലായ വ്യക്തികൾ, റിമാൻഡ് റിപ്പോർട്ടുകൾ, മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) സർക്കാരിന്റെ (2019-2024) കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത കുറ്റപത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് എസ്ഐടിയിൽ നിന്നും ഇഡി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ തെലുങ്കുദേശത്തിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരാണ് വിഷയത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. വൈഎസ്ആർസിപിയുടെ ഒരു സിറ്റിംഗ് ലോക്‌സഭാംഗവും മുൻ രാജ്യസഭാംഗവുമായ നേതാവിനെ പ്രതിചേർക്കാൻ സാധ്യതയുള്ള അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്ന ഒരു പ്രധാന പണമിടപാട് എസ്‌ഐടി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എസ്‌ഐടി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഏകദേശം 4,000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും മദ്യ നിർമ്മാതാക്കളിൽ നിന്ന് പ്രതിമാസം കോടികൾ തട്ടിയെടുത്തെന്നും ആരോപണമുണ്ട്. 2019 നും 2024 നും ഇടയിൽ സംസ്ഥാനത്തെ മദ്യ വിൽപ്പന പണമിടപാടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഐടി ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന കെസ്സിറെഡ്ഡി രാജ ശേഖർ റെഡ്ഡിയെ നേരത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിലെ (എപിഎസ്‌ബിസിഎൽ) മദ്യ സംഭരണ പ്രക്രിയകളിൽ കൃത്രിമം കാണിച്ച് കൈക്കൂലി വാങ്ങാൻ നടന്ന ക്രിമിനൽ ഗൂഢാലോചനയിലെ "പ്രധാന വ്യക്തി" കാസിറെഡ്ഡിയാണെന്നാണ് എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ 21 ന് അറസ്റ്റിലായതിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ കാസിറെഡ്ഡി കുറ്റം സമ്മതിച്ചതായി എസ്ഐടി അവകാശപ്പെട്ടിരുന്നു. എന്നാൽ കുറ്റസമ്മത പ്രസ്താവനയിൽ ഒപ്പിടാൻ കാസിറെഡ്ഡി വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കാസിറെഡ്ഡിയുടെ അഭിഭാഷകൻ കുറ്റസമ്മതം ശക്തമായി നിഷേധിച്ചിരുന്നു. എസ്ഐടിയുടെ അന്വേഷണത്തിനും തെറ്റായ നടപടിക്രമങ്ങൾക്കും പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്ന് കാസിറെഡ്ഡിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തിയിരുന്നു. 'കെട്ടിച്ചമച്ച രാഷ്ട്രീയ നാടകം' എന്ന് പറഞ്ഞായിരുന്നു വൈഎസ്ആർസിപി നേതൃത്വം ആരോപണങ്ങളെ തള്ളിക്കളഞ്ഞത്. ആരോപണങ്ങൾക്ക് തെളിവുകൾ ഇല്ലെന്നും മുൻ ടിഡിപി ഭരണകാലത്ത് യഥാർത്ഥ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വൈഎസ്ആർസിപി നേതൃത്വം കുറ്റപ്പെടുത്തി. അഴിമതി ലഭിച്ച കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. എസ്ഐടി- ഇഡി അന്വേഷണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കാസിറെഡ്ഡി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
Content Highlights: ED Launches PMLA Probe Into Alleged Liquor Scam in Andhra Pradesh During YSRCP's Tenure