അല​ക്സാണ്ടർ അർണോൾഡ് ക്ലബ് വിടുന്നത് വലിയ നഷ്ടം: ആർനെ സ്ലോട്ട്

'ലിവർപൂളിനെ ഇഷ്ടപ്പെടുന്ന ഏതൊരു ആരാധകനും അർണോൾഡ് ക്ലബ് വിടുന്നതിൽ നിരാശനാകും'

dot image

ട്രെന്റ് അലക്സാണ്ടർ അർണോൾഡ് ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂൾ വിടുന്നത് വലിയ തിരിച്ചടിയെന്ന് ക്ലബ് മാനേജർ ആർനെ സ്ലോട്ട്. ഉടൻ തന്നെ മികച്ചൊരു താരത്തിനെ അർണോൾഡിന് പകരക്കാരനായി കണ്ടെത്താൻ കഴിയുമെന്ന് സ്ലോട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. നാളെ ആഴ്സണലിനെതിരായ മത്സരത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ലോട്ട്.

'ലിവർപൂളിനെ ഇഷ്ടപ്പെടുന്ന ഏതൊരു ആരാധകനും അർണോൾഡ് ക്ലബ് വിടുന്നതിൽ നിരാശനാകും. കാരണം അത്രമേൽ മികച്ചയൊരു താരത്തെയാണ് ഞങ്ങൾക്ക് നഷ്ടമാകുന്നത്. മുമ്പ് പല ക്ലബുകൾക്കുമൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അന്നും ഇത്തരം വിടവാങ്ങലുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വിഷമങ്ങൾ എനിക്ക് ശീലമായി,' സ്ലോട്ട് പ്രതികരിച്ചു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിന് പിന്നാലെ അർണോൾഡ് ക്ലബ് വിടും. 2014ൽ ആരംഭിച്ച 11 വർഷം നീണ്ട ബന്ധമാണ് ലിവർപൂളും അർണോൾഡും തമ്മിലുള്ളത്. 2016-17 സീസണിലാണ് അർണോൾഡ് ലിവർപൂളിന്റെ സീനിയർ ടീമിലേക്ക് കടന്നുവന്നത്. 321 മത്സരങ്ങളിൽ നിന്നായി 27 ​ഗോളുകളും 96 അസിസ്റ്റുകളും താരത്തിന്റെ സംഭാവനയായിരുന്നു. എന്നാൽ ഏത് ക്ലബിലേക്കാണ് അർണോൾഡ് പോകുന്നതെന്ന് അറിയിച്ചിട്ടില്ല. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് അർണോൾഡ് പോകുമെന്നാണ് സൂചന.

Content Highlights: Liverpool sad to lose Trent Alexander-Arnold, but a new player will step up: Slot

dot image
To advertise here,contact us
dot image