
ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം കങ്കണ റണൗട്ട്. 'ബ്ലെസ്ഡ് ബി ദി ഈവിൾ' എന്ന് പേരിട്ടിരിക്കുന്ന ഹൊറർ ചിത്രത്തിലൂടെയാണ് കങ്കണ ഹോളിവുഡിൽ തന്റെ സാന്നിധ്യമറിയിക്കുന്നത്. നടൻ സിൽവെസ്റ്റർ സ്റ്റാലോണിന്റെ മകൾ സ്കാർലറ്റ് റോസ് സ്റ്റാലോൺ, 'ടീൻ വുൾഫ്' ഫെയിം ടൈലർ പോസി എന്നിവരായിരിക്കും കങ്കണയ്ക്കൊപ്പം സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. എന്‍റര്‍ടെയ്ന്‍മെന്‍റ് ന്യൂസ് പോര്‍ട്ടലായ വെറൈറ്റി ആണ് വാർത്ത പുറത്തുവിട്ടത്. 'ന്യൂ മീ', 'ടെയിലിംഗ് പോണ്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അനുരാഗ് രുദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിദേശ ചലച്ചിത്ര നിർമ്മാണങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ചിത്രം പൂർണ്ണമായും അമേരിക്കയില്‍ തന്നെ ചിത്രീകരിക്കും. അടുത്തിടെ പ്രഖ്യാപിച്ച ഇൻഡസ്ട്രി താരിഫുകളിൽ നിന്നുണ്ടാകാവുന്ന അനിശ്ചിതത്വങ്ങൾ ഒഴിവാക്കാൻ നിർമ്മാതാക്കൾ പ്രത്യേകം തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ട്.
ലയൺസ് മൂവീസിന്റെ പ്രസിഡന്റും സ്ഥാപകനുമായ ഗാഥ തിവാരിയാണ് ചിത്രത്തിന്റെ കോ റൈറ്റർ. അനുരാഗ് രുദ്രയും ഗാത തിവാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ഒക്യുപേഷൻ: റെയിൻഫാൾ', 'വൈറ്റ് എലിഫന്റ്' എന്നീ സിനിമകൾക്ക് ഛായാഗ്രഹണം കൈകാര്യം ചെയ്ത വേഡ് മുള്ളർ ആണ് ഈ ഹൊറർ സിനിമയ്ക്കായും കാമറ ചലിപ്പിക്കുന്നത്. ആൾത്താമസമില്ലാത്ത ഫാം വാങ്ങുന്ന ദമ്പതികളും തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന കാൻ ഫിലിം മാർക്കറ്റിൽ ചിത്രം അവതരിപ്പിക്കും. ചിത്രത്തിൽ കങ്കണയുടെ വേഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പൊളിറ്റിക്കൽ ഡ്രാമ ചിത്രമായ എമർജൻസി ആണ് കങ്കണയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും. 1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച എമർജൻസി ജനുവരി 17 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
Content Highlights: Kangana Ranaut all set for hollywood debut