

ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ബാറ്റിങ്ങിനിടെ ഹെല്‍മെറ്റില്‍ പന്ത് കൊണ്ടതിനെത്തുടര്‍ന്ന് ആകാശ് ദീപിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ ടീമില്‍ ഇടംനേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 52 പന്തില്‍ 29 റണ്‍സ് നേടി പൊരുതി നിന്ന ആകാശ് ദീപിന്റെ ഹെല്‍മെറ്റിലാണ് പന്ത് കൊണ്ടത്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്ന ഈ പേസറെ ബിസിസിഐ മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഉണ്ടായിരുന്ന പ്രസിദ്ധ് ഇനി മത്സരത്തിന്റെ ശേഷിക്കുന്ന ഭാഗത്ത് ആകാശിന്റെ സ്ഥാനത്ത് കളിക്കും. മുഹമ്മദ് സിറാജും ലഭ്യമായിരുന്നുവെങ്കിലും, കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ടീം മാനേജ്മെന്റ് പ്രസിദ്ധിനെയാണ് തിരഞ്ഞെടുത്തത്.
നേരത്തെ, ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിന് പുറത്തായ ഇന്ത്യ ന്യൂസീലന്‍ഡിന് 110 റണ്‍സിന്റെ ലീഡ് അടിയറവ് വച്ചിരുന്നു. 116/6 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച സന്ദര്‍ശകര്‍, 14 ബൗണ്ടറികള്‍ ഉള്‍പ്പെടെ 170 പന്തില്‍ 88 റണ്‍സ് നേടി ടോപ് സ്കോററായ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ധ്രുവ് ജുറലിന്റെ കരുത്തിലാണ് ചെറുത്തുനിന്നത്. ജുറലിന് മികച്ച പിന്തുണ നല്കിയ ആകാശ് ദീപും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ മത്സരത്തില്‍ നിലനിര്‍ത്തി. എന്നാല്‍ ആകാശ് ദീപിനെ പുറത്താക്കി നഥാന്‍ സ്മിത്ത് ഈ കൂട്ടുകെട്ട് പൊളിച്ചു; ഒപ്പം അന്‍ഷുല്‍ കാംബോജിനെ പൂജ്യത്തിന് പുറത്താക്കി മാറ്റ് ഹെന്റി ഇന്ത്യയെ 163/8 എന്ന നിലയിലേക്ക് തള്ളിയിട്ടു. ഒരു വശത്ത് പോരാട്ടം തുടര്‍ന്ന ജുറല്‍ തന്റെ നാലാം ടെസ്റ്റ് അര്‍ദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ, 46 പന്തില്‍ 10 റണ്‍സ് സംഭാവന ചെയ്ത ഗുര്‍നൂര്‍ ബ്രാറിനൊപ്പം പത്താം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ 200 കടന്ന ഇന്ത്യ 246 റണ്‍സിന് ഓള്‍ഔട്ടായി. ഒന്നാം ഇന്നിംഗ്സില്‍ 356 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് 110 റണ്‍സിന്റെ ലീഡോടെ മികച്ച നിലയിലാണ്. പരമ്പര കയ്യിലാക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യ, മത്സരത്തില്‍ ഫലമുണ്ടാക്കുന്നതിനായി ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്താനും വിജയലക്ഷ്യം കൈപ്പിടിയില്‍ ഒതുക്കാനുമായിരിക്കും ഇനി ശ്രമിക്കുക.
content highlights: Akash Deep Out; Prasidh Krishna Named Replacement as Mohammed Siraj Is Overlooked Again