മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യൻ ഞാനാണ്, അവരെ അമിതമായി സ്നേഹിക്കുന്നതും ബുദ്ധിമുട്ടാകാം; ധ്യാൻ

അമ്മയ്ക്കും ഭാര്യയ്ക്കും മകൾക്കും തന്റെ അഭിമുഖങ്ങൾ ഇഷ്ടമല്ല, മക്കളെ അമിതമായി സ്നേഹിക്കുന്നതും അവർക്ക് ബുദ്ധിമുട്ടാകാം; ധ്യാൻ ശ്രീനിവാസൻ പറയുന്നു

മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യൻ ഞാനാണ്, അവരെ അമിതമായി സ്നേഹിക്കുന്നതും ബുദ്ധിമുട്ടാകാം; ധ്യാൻ
Dhyan Sreenivasan
dot image

മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ്ങായ വ്യക്തി താനാണെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. മക്കളുടെ ഊർജത്തോടും താൽപര്യങ്ങളോടും മാതാപിതാക്കൾക്ക് ഒരിക്കലും പൂർണമായി പൊരുത്തപ്പെടാനാകില്ലെന്നും താരം പറയുന്നു. അമിതമായി ലാളിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതുമെല്ലാം ഒരു പരിധിക്കപ്പുറം കുട്ടികൾക്ക് ഇഷ്ടമാകണമെന്നില്ല. അവരെ സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും അവരുടെ സ്വകാര്യ ഇടത്തിലേക്ക് കടന്നുചെല്ലുന്നതുമെല്ലാം കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കാം.

മാതാപിതാക്കൾ തങ്ങളെ നിർബന്ധിക്കുന്നതുപോലെയാണ് കുട്ടികൾക്ക് അത്തരം സാഹചര്യങ്ങൾ അനുഭവപ്പെടുന്നതെന്നും ധ്യാൻ പറഞ്ഞു. പുതിയ ചിത്രം തേവരുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം.

''സത്യത്തിൽ നമ്മൾ അമിതമായി സ്നേഹിക്കുന്നതുപോലും അവർക്ക് ബുദ്ധിമുട്ടായിരിക്കും. ഓവർ സ്നേഹം വേണ്ടെന്നാണ് അവരുടെ നിലപാട്. ഇപ്പോൾ എന്തെങ്കിലും തമാശ പറയുമ്പോൾ പോലും കുട്ടിയുടെ മൂഡ് നോക്കണം. അവൾ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ ഞാൻ അടുത്തുചെന്ന് എന്തെങ്കിലും ചെയ്താൽ 'പ്ലീസ് ഡോണ്ട് ഡിസ്റ്റർബ്' എന്നായിരിക്കും മറുപടി. ഞാനൊന്ന് ഇറുക്കി കെട്ടിപ്പിടിച്ചാൽ 'ഐ ഫീൽ ലിറ്റിൽ അൺകംഫർട്ടബിൾ' എന്നും പറയും. പണ്ടത്തെ അവസ്ഥയല്ല ഇപ്പോൾ. ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാടുകൾ തന്നെ വ്യത്യസ്തമാണ്. എന്റെ മകൾക്ക് ഏറ്റവും ബോറിങ്ങായി തോന്നുന്ന മനുഷ്യൻ ഞാനാണ്. സന്ധ്യാസമയത്ത് വീട്ടിലേക്ക് കയറിവരുന്ന ഒരാൾ, പേര് അച്ഛൻ'' എന്നാണ് ധ്യാൻ പറയുന്നത്.

തന്റെ അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകളെ വീട്ടിലുള്ളവർ പോലും വിമർശിക്കാറുണ്ടെന്നും താരം പറയുന്നു. ''എന്റെ ഇന്റർവ്യൂകൾ ക്രിഞ്ചാണെന്നും വെറും അലമ്പാണെന്നും വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുന്ന ഒരുത്തനാണെന്നും പലരും പറയാറുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ തന്നെയാണ് എന്റെ വീട്ടിലുള്ളവരും. അമ്മയും മകളും ഭാര്യയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മ പോലും പറയും, വായിൽ തോന്നിയതൊക്കെ വിളിച്ചുപറയരുതെന്ന്. അവർക്ക് എന്നെ വലിയ വിലയൊന്നുമില്ല. അതിൽ കാര്യമുണ്ടുതാനും'' എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

Content Highlights: Dhyan Sreenivasan opens up about his relationship with his children and their individual preferences. The actor shares an interesting perspective on parenting, revealing that his daughter finds him boring.

dot image
To advertise here,contact us
dot image