

ബെംഗളൂരു: ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ചയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഓണറേറിയത്തില്‍ 2,000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചത്. 2027 ജനുവരി ഒന്ന് മുതല്‍ പുതിയ ഓണറേറിയം ലഭിക്കും.
കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍ യൂണിയന് നേതാക്കളുമായി മുഖ്യമന്ത്രി വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് നിലവില്‍ നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 40,000ത്തിലധികം ആശാവര്‍ക്കര്‍മാര്‍ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കി പ്രതിമാസം 2,000 രൂപ വരെ നല്കി വരുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ, 10,000 രൂപ ഗ്യാരണ്ടീഡ് പ്രതിമാസ വേതനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ സമ്പത്തെന്നും ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ അവര്‍ നല്കി വരുന്ന സേവനമാണ് പൊതുജനാരോഗ്യത്തിന് കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ആശമാരോട് പൊലീസ് ബഹുമാനപൂര്‍വ്വം ഇടപെടണമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാര്‍ രേഖാമൂലം എഴുതിത്തരാതെ ഓഫര്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ആശമാര്‍. അതുവരെ പ്രതിഷേധം തുടരുമെന്നും യൂണിയന് നേതാക്കള്‍ അറിയിച്ചു. പ്രതിമാസം 15,000 രൂപ സ്ഥിര വേതനം നല്‍കുക, മെച്ചപ്പെട്ട വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക, കുടിശ്ശികയുള്ള ഇന്‍സെന്റീവുകള്‍ വിതരണം ചെയ്യുക, ഡിജിറ്റല്‍ റിപ്പോര്‍ട്ടിങ് ആപ്പുകളുമായി (സമസ്ത/സമസ്യ ആപ്പ്) ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.
Content Highlights: Karnataka government has announced a ₹2,000 monthly honorarium increase for ASHA workers from January 1, 2027, following protests demanding higher payments