

ടെല്‍ അവീവ്: തെരഞ്ഞെടുപ്പിന് പിന്നാലെ വിശാല സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍, ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിക്കുമ്പോഴും പ്രധാനമന്ത്രി സ്ഥാനത്ത് താന്‍ തന്നെ തുടരണമെന്ന നിലപാടില്‍ നെതന്യാഹു ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'ഭീകരവാദത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരു പാര്‍ട്ടികളുമായും തങ്ങളുടെ പങ്കാളികളുമായും വിശാലമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലിക്കുഡ് പാര്‍ട്ടി ആഗ്രഹിക്കുന്നു,' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ നെതന്യാഹു കുറിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് അറബ് പാര്‍ലമെന്ററി പാര്‍ട്ടികളെ ലക്ഷ്യം വെച്ച്, 'ഇസ്രായേലിലെ ജനങ്ങള്‍ റാമിനെയും (Ra'am) ജോയിന്റ് ലിസ്റ്റിനെയും (Joint List) ആശ്രയിക്കുന്ന ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല,' എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ആദ്യ ദിവസം മുതല്‍ക്കുതന്നെ വിശാല സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങള്‍ തയ്യാറായിരുന്നുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഭൂരിപക്ഷം ജൂതവിഭാഗവും ലിക്കുഡ് പാര്‍ട്ടിയെ ഏറ്റവും വലിയ കക്ഷിയായും തന്നെ അടുത്ത സര്‍ക്കാരിനെ നയിക്കാനുള്ള പ്രധാനമന്ത്രിയായും തെരഞ്ഞെടുത്തുവെന്നും നെതന്യാഹു പറഞ്ഞു. ഇതിനിടെ, മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ടുഗെദര്‍ പാര്‍ട്ടി, യയര്‍ ഗോലാന്റെ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി, അവിഗ്‌ദോര്‍ ലീബര്‍മാന്റെ യിസ്രായേല്‍ ബെയ്‌തേനു പാര്‍ട്ടി എന്നിവര്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തണമെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും ചേരുന്നതോടെ ഐസന്‍കോട്ടിന് 48 എം പിമാരുടെ പിന്തുണ ലഭിക്കും.
രണ്ട് അറബ് പാര്‍ലമെന്ററി സഖ്യങ്ങളും ഐസന്‍കോട്ടിനെ പിന്തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 120 അംഗ നെസെറ്റില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ 67 ആയി ഉയര്‍ന്നേക്കും. എന്നാല്‍ പ്രസിഡന്റിനെ സമീപിക്കുന്നതുകൊണ്ട് മാത്രം പ്രതിപക്ഷ കക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അറബ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരില്‍ ചേരില്ലെന്നും അവരുടെ പാര്‍ലമെന്ററി പിന്തുണയെ ആശ്രയിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നും ലീബര്‍മാന്‍ നേരത്തെ നിലപാട് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് നെതന്യാഹുവിന്റെ പാര്‍ട്ടി നേടിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 48 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളും പിടിച്ചു. ആര്‍ക്കും തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുമതല ഏത് പാര്‍ലമെന്റ് അംഗത്തിന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ബുധനാഴ്ച മുതല്‍ രണ്ട് ദിവസത്തെ കൂടിയാലോചനകള്‍ നടത്തും. വിവിധ പാര്‍ലമെന്ററി കക്ഷികളുമായാണ് അദ്ദേഹം ചര്‍ച്ച നടത്തുക.
Content Highlight: Israeli Prime Minister Benjamin Netanyahu has stated that he is open to discussions on forming a broad coalition government following the election.