

2027-ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് ഇറ്റലി. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചലഞ്ച് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഇറ്റാലിയന്‍ ടീം അടുത്ത ഘട്ടമായ 'ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക്' യോഗ്യത ഉറപ്പാക്കി. മൂന്ന് ഘട്ടങ്ങളിലായി നടന്ന 15 മത്സരങ്ങളുടെ ടൂര്‍ണമെന്റില്‍ വിജയിച്ചാണ് ഇറ്റലി ചരിത്രനേട്ടത്തിലേക്ക് യാത്ര തുടരുന്നത്. ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍ രണ്ടാം സ്ഥാനക്കാരായ ഉഗാണ്ടയെ അവസാന ഓവറില്‍ ബഹ്റൈന്‍ അട്ടിമറിച്ചതോടെ, പോയിന്റ് പട്ടികയില്‍ ഉഗാണ്ടയേക്കാള്‍ 4 പോയിന്റ് മുന്‍തൂക്കത്തോടെ ഇറ്റലി ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.
ക്വാളിഫയര്‍ പ്ലേ ഓഫിലേക്ക് മുന്നേറിയതോടെ 2027-ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക അവസരമാണ് ഇറ്റലിക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ഇറ്റലി, ചലഞ്ച് ലീഗിലുടനീളം മികച്ച ആധിപത്യം പുലര്‍ത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ക്വാളിഫയര്‍ പ്ലേ ഓഫില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്താനായാല്‍ ഇറ്റലിക്ക് പ്രധാന 'ഐസിസി വേള്‍ഡ് കപ്പ് ക്വാളിഫയര്‍' പോരാട്ടത്തിലേക്ക് കടക്കാം. അതിലും വിജയം ആവര്‍ത്തിച്ചാല്‍ ചരിത്രത്തിലാദ്യമായി ഒരു ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കുകയെന്ന സ്വപ്നം ഇറ്റലിക്ക് യാഥാര്‍ത്ഥ്യമാക്കാം.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അസോസിയേറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഏകദിന ക്രിക്കറ്റിന്റെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും മികച്ച മത്സരപരിചയം നല്‍കുന്നതിനുമായി നടത്തുന്ന ടൂര്‍ണമെന്റ് രിതിയിലൂടെയാണ് ഇറ്റലി അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
content highlights: Italy One Step Closer to World Cup: Qualifies for 2027 ODI World Cup Qualifier Play-off