

യുഎഇയില്‍ ചില പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍. യുഎഇയെ ലക്ഷ്യമിട്ട് ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യവ്യാപകമായി അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടർന്ന് സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങാമെന്നും അധികൃതർ അറിയിച്ചു.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം കണ്ടെത്തിയ രണ്ട് മിസൈലുകളിൽ ഒന്ന് രാജ്യത്തിന്റെ പ്രാദേശിക ജലാതിർത്തിക്ക് പുറത്തും മറ്റൊന്ന് ജലാതിർത്തിക്കുള്ളിലുമാണ് പതിച്ചത്. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുകയാണെന്നും ഏത് ഭീഷണിയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രാജ്യത്തെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് സുരക്ഷാ മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനുമായിരുന്നു സന്ദേശത്തിലെ നിർദേശം. തുടർന്ന് അയച്ച രണ്ടാമത്തെ സന്ദേശത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ആശങ്കകളില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു. മാസങ്ങൾക്ക് ശേഷമാണ് യുഎഇയിൽ ഇത്തരമൊരു മിസൈൽ ഭീഷണി മുന്നറിയിപ്പ് വീണ്ടും പുറപ്പെടുവിക്കുന്നത്. സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്.
Content Highlight: UAE authorities have issued a public advisory urging residents to stay informed through official channels and follow guidance issued by relevant agencies