

ബാങ്കിന്റെ പിഴവ് കാരണം നികുതി ക്രെഡിറ്റ് നഷ്ടപ്പെട്ട നികുതിദായകന് ആശ്വാസമായി ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT), ആഗ്ര ബെഞ്ചിന്റെതാണ് നിർണായക ഉത്തരവ്. ജോയിന്റായി കൈവശം വെച്ചിരുന്ന സ്വത്തിൽ നിന്നുള്ള വാടകയ്ക്ക് SBI തെറ്റായി മുഴുവൻ TDS-ഉം ഒരു സഹഉടമയുടെ PAN-ലേക്ക് റിപ്പോർട്ട് ചെയ്ത കേസിലാണ് നടപടി. നികുതിദായകന് മുഴുവൻ 4.06 ലക്ഷം TDS ക്രെഡിറ്റും നൽകാൻ ITAT നികുതി വകുപ്പിനോട് നിർദേശിച്ചു.
ആഗ്രയിലെ തേജ്പ്രതാപ് സിങ് യാദവും അമ്മയും സഹോദരിയും ചേർന്നാണ് SBIയ്ക്ക് ഒരു സ്വത്ത് വാടകയ്ക്ക് നൽകിയിരുന്നത്. വർഷത്തിൽ ലഭിച്ച 40.62 ലക്ഷം വാടക മൂന്ന് പേരും തുല്യമായി വരുമാനമായി കണക്കാക്കി ആദായനികുതി റിട്ടേണിൽ ഉൾപ്പെടുത്തി.
എന്നാൽ വാടകയിൽ നിന്ന് SBI പിടിച്ച 4,06,250 TDS മുഴുവനും യാദവിന്റെ PAN-ലേക്കാണ് റിപ്പോർട്ട് ചെയ്തത്. ബാങ്കിന്റെ പിഴവിനെ തുടർന്നായിരുന്നു ഇത്. യഥാർഥത്തിൽ, മൂന്ന് സഹഉടമകൾക്കും തുല്യ വിഹിതമായതിനാൽ TDS തുകയും ഓരോരുത്തരുടെയും PAN-ലേക്ക് മൂന്നിലൊന്ന് വീതം റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു.
TDS മുഴുവൻ യാദവിന്റെ PAN-ൽ പ്രതിഫലിച്ചിരുന്നെങ്കിലും, അദ്ദേഹം വാടകവരുമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് സ്വന്തം വരുമാനമായി കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അസസ്സിംഗ് ഓഫീസർ 1,35,417 മാത്രം TDS ക്രെഡിറ്റായി അനുവദിക്കുകയും ബാക്കി 2,70,833 നിഷേധിക്കുകയും ചെയ്തു.
തുടർന്ന് യാദവ് ITAT-നെ സമീപിച്ചു. ബാങ്കിന്റെ പിഴവ് വ്യക്തമാക്കുന്ന ബ്രാഞ്ച് മാനേജരുടെ കത്തും, മറ്റ് രണ്ട് സഹഉടമകൾ അവരുടെ TDS വിഹിതം ക്ലെയിം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം സമർപ്പിച്ചു.
മറ്റ് രണ്ട് സഹഉടമകൾക്ക് അവരുടെ വിഹിതമായ TDS പിന്നീട് ക്രെഡിറ്റായി നൽകാനും കഴിയുമായിരുന്നില്ല, കാരണം അവർ അത് ക്ലെയിം ചെയ്തിരുന്നില്ല. അതേസമയം, യാദവിനും ഈ തുക നിഷേധിച്ചാൽ 2.70 ലക്ഷത്തിലധികം TDS ആർക്കും ക്രെഡിറ്റാകാതെ നികുതി വകുപ്പിന്റെ കൈവശം തന്നെ ശേഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു.
TDS ക്രെഡിറ്റുമായി ബന്ധപ്പെട്ട Section 199, Rule 37BA എന്നിവ ITAT പരിശോധിച്ചു. മറ്റ് രണ്ട് സഹഉടമകൾ അവരുടെ വിഹിതം ക്ലെയിം ചെയ്തിട്ടില്ലെന്നും യാദവിന്റെ മുഴുവൻ TDS ക്രെഡിറ്റ് ക്ലെയിമിനെ പിന്തുണച്ചിട്ടുണ്ടെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യത്തിൽ നടപടിക്രമത്തിലെ സാങ്കേതികതയുടെ പേരിൽ നികുതിദായകന് യഥാർഥത്തിൽ ലഭിക്കേണ്ട തുക നിഷേധിക്കുന്നത് നീതിയല്ലെന്നാണ് ITATയുടെ നിലപാട്. നടപടിക്രമങ്ങൾ നീതിയുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായിരിക്കണം, നീതി നിഷേധിക്കുന്ന തരത്തിൽ അവ പ്രയോഗിക്കരുതെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
ഇത്തരം സാഹചര്യത്തിൽ തുക നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ITAT വ്യക്തമാക്കി. അതിനാൽ നേരത്തെ അനുവദിച്ച 1,35,417ന് പകരം മുഴുവൻ 4,06,250 TDS ക്രെഡിറ്റും യാദവിന് അനുവദിക്കാൻ അസസ്സിംഗ് ഓഫീസർക്ക് നിർദേശം നൽകി.
Content Highlights: SBI's error in depositing TDS cost landlord Rs 2.7 lakh in TDS credit; Landlord fights in ITAT Agra and wins the case