

ഓൺലൈൻ ഭക്ഷണ വിതരണ ആപ്പ് ആയ സൊമാറ്റോ തങ്ങളുടെ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സുസ്ഥിരവും ബയോ ഡീഗ്രേഡബിളുമായ പാക്കേജിംഗ് വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലമാണ് നിരക്കുകൾ വർധിക്കുക. വിലവർധനവിന്റെ ഭാരം ചുമക്കേണ്ടത് ഉപയോക്താക്കൾ ആകുമെന്നും സൊമാറ്റോ അധികൃതർ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ.
പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും മറ്റുമാണ് നിലവിൽ ഭക്ഷണം പാക്ക് ചെയ്യുന്നത്. മൊത്തം ഓർഡർ തുകയുടെ 5 ശതമാനമാണ് പാക്കിങ് ചാർജായി ഈടാക്കുന്നത്. സുസ്ഥിരവും ബയോ ഡീഗ്രേഡബിളുമായ രീതിയിലേക്ക് മാറുമ്പോൾ ഈ നിരക്ക് മൊത്തം ഓർഡറുടെ 10 മുതൽ 30 ശതമാനം വരെയാകും. ഈ കൂടിയ നിരക്ക് ഉപയോക്താവ് തന്നെ ചുമക്കണം എന്നാണ് കമ്പനിയും പറയുന്നത്.
എന്നാൽ പുനരുപയോഗ സാധ്യതയുള്ള ഇത്തരം പാക്കേജിങ് രീതികളുടെ പ്രചാരം വർധിക്കുമ്പോൾ നിരക്ക് കുറയുമെന്നും കമ്പനി പറഞ്ഞു. നിലവിൽ എങ്ങനെയൊക്കെ നിരക്ക് കുറയ്ക്കാനാകുമോ അത്തരം രീതികൾ എല്ലാം അവലംബിക്കാൻ കമ്പനി റെസ്റ്റോറന്റ് പാർട്ണർമാരോട് പറഞ്ഞിട്ടുണ്ട്. പാക്ക്സ്വിച്ച് എന്ന പ്ലാറ്റ്‌ഫോം വഴി റെസ്റ്റോറന്റുകളെയും ക്ലൗഡ് കിച്ചണുകളെയും ഇക്കാര്യത്തിൽ സഹായിക്കാനും സൊമാറ്റോ ആരംഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്ക് പാക്കേജിങുകൾക്ക് പകരം മറ്റ് രീതികൾ പരിചയപ്പെടുത്താനും അവയുടെ സാമ്പത്തിക, പാരിസ്ഥിതിക ഗുണങ്ങൾ എടുത്തുകാണിക്കാനുമാണ് സൊമാറ്റോ പാക്ക്സ്വിച്ച് എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സൊമാറ്റോയെ സംബന്ധിച്ച് പാക്കേജിങ് വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഓർഡറും സൊമാറ്റോ വളരെ സൂക്ഷ്മതയോട് കൂടിയാണ് കൈകാര്യം ചെയ്യുന്നത്. സൊമാറ്റോയുടെ പ്ലാസ്റ്റിക് ഫ്രീ പ്രോഗ്രാമും വളരെയേറെ പ്രചാരം നേടിയ ഒന്നാണ്. പദ്ധതി പ്രകാരം സൊമാറ്റോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 500 നഗരങ്ങളിൽ നിന്നുള്ള 10000 റെസ്റ്റോറന്റുകൾ പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തിക്കഴിഞ്ഞു.
Content Highlights: Zomato is reportedly considering a hike in food delivery charges due to the increased cost of using sustainable and biodegradable packaging materials. Reports suggest that the company may pass the additional expenses on to customers, leading to higher costs for users ordering food through the platform