

ബഹ്റൈനിൽ വാഹനങ്ങളുടെ വിൻഡോകളിൽ പരമാവധി 50 ശതമാനം വരെ ടിന്റിംഗ് അനുവദിക്കണമെന്ന പുതിയ നിർദേശവുമായി എം പി ഹമദ് അൽ ദോയി. നിലവിലുള്ള വിൻഡോ ടിന്റിംഗ് പരിധി ഉയർത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം പാർലമെന്റിൽ നിർദേശം സമർപ്പിച്ചത്. കടുത്ത വേനൽച്ചൂടിൽ വാഹനത്തിനുള്ളിലെ താപനില കുറയ്ക്കുന്നതിനും ഡ്രൈവർമാർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
രാജ്യത്തെ ഉയർന്ന താപനില കണക്കിലെടുക്കുമ്പോൾ വിൻഡോ ടിന്റിംഗ് പരിധി ഉയർത്തുന്നത് നേരിട്ടുള്ള സൂര്യപ്രകാശം നിയന്ത്രിക്കുന്നതിനും വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനും ഏറെ ഫലപ്രദമാണെന്ന് നിർദേശത്തിന്റെ വിശദീകരണ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ, ഗതാഗത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ മറ്റ് ചില ജിസിസി രാജ്യങ്ങളിൽ കൂടുതൽ ശതമാനം ടിന്റിംഗ് നിലവിൽ അനുവദിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.
ടിന്റിംഗ് പരിധി 50 ശതമാനമായി ഉയർത്തുന്നത് ഡ്രൈവിംഗ് കൂടുതൽ സുഖകരമാക്കുമെന്നും എയർ കണ്ടീഷണറുകൾ പരമാവധി ശക്തിയിൽ നിരന്തരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നും ഹമദ് അൽ ദോയി പറഞ്ഞു. റോഡ് ഉപയോക്താക്കളുടെ സൗകര്യവും ഗതാഗത സുരക്ഷയും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സുരക്ഷയും ഗതാഗത നിയമങ്ങളും നിശ്ചിത മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമായിരിക്കും പുതിയ മാറ്റങ്ങൾ നടപ്പിലാക്കുക.
Content Highlights: Amid rising summer temperatures, there is a demand in Bahrain to allow vehicle window tinting up to 50 percent. Drivers and vehicle owners argue that increased tinting could provide better protection from heat while driving.