

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രാ തീയതികളിൽ മാറ്റം വരുത്തുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനും വലിയ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. ഓഗസ്റ്റ് 10 മുതൽ നിലവിൽ വന്ന പുതിയ തീരുമാനപ്രകാരം, ദുബായിലേക്ക് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് പിഴയൊന്നും നൽകാതെ തന്നെ എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്രാ തീയതി മാറ്റാൻ സാധിക്കും. ഇക്കോണമി, ബിസിനസ് ക്ലാസുകളിലെ ഭൂരിഭാഗം ടിക്കറ്റുകൾക്കും ഈ ആനുകൂല്യം ലഭിക്കും. യാത്രാ പ്ലാനുകളിൽ ആളുകൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായാണ് വിമാനക്കമ്പനിയുടെ ഈ നീക്കം.
ദുബായ് റൂട്ടിലെ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന ഫീസിലും എമിറേറ്റ്സ് വൻ കുറവ് വരുത്തിയിട്ടുണ്ട്. ഇക്കോണമി സാവർ ടിക്കറ്റുകൾക്ക് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റുകൾക്ക് 25 ഡോളറുമാണ് പുതിയ റീഫണ്ട് ഫീസ്. ബിസിനസ് ക്ലാസിലെ സ്പെഷ്യൽ, സാവർ ടിക്കറ്റുകൾക്ക് 50 ഡോളറും ഫ്ലെക്സ് ടിക്കറ്റുകൾക്ക് 25 ഡോളറുമാണ് ഈടാക്കുക. തീയതി സൗജന്യമായി മാറ്റാമെങ്കിലും പുതിയ ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് യാത്രക്കാർ നൽകേണ്ടിവരും. കൂടാതെ, ലോകമെമ്പാടുമുള്ള എമിറേറ്റ്സിന്റെ മറ്റ് സർവീസുകളിൽ യാത്ര ചെയ്യുന്നവർക്കും ടിക്കറ്റിൽ ഒരു തവണ സൗജന്യമായി തീയതി മാറ്റാൻ അവസരമുണ്ട്. ടിക്കറ്റ് മുൻകൂട്ടി തടഞ്ഞുവെക്കാൻ 24 മണിക്കൂർ വരെ സൗജന്യ സമയവും കമ്പനി അനുവദിക്കുന്നു.
വിമാന സർവീസുകൾ തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് നേരിട്ട് സൗജന്യ താമസസൗകര്യം ലഭ്യമാക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. കണക്റ്റിംഗ് ഫ്ലൈറ്റുകൾ തടസ്സപ്പെടുകയോ വ്യോമപാതകൾ അടയ്ക്കുന്നത് മൂലം സർവീസുകൾ റദ്ദാക്കുകയോ ചെയ്താൽ അധിക തുക ഈടാക്കാതെ തന്നെ പകരം സർവീസുകളിലേക്ക് ബുക്കിംഗ് മാറ്റി നൽകും. ഇതിനുപുറമേ, മെഡിക്കൽ അടിയന്തര സാഹചര്യങ്ങളും യാത്രാ തടസ്സങ്ങളും പരിരക്ഷിക്കുന്ന സമഗ്രമായ ട്രാവൽ ഇൻഷുറൻസ് പോളിസിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
എമിറേറ്റ്സ് സ്കൈവാർഡ്സ് (Emirates Skywards) അംഗങ്ങൾക്കായി വലിയ രീതിയിലുള്ള റിവാർഡ് ആനുകൂല്യങ്ങളും ഓഗസ്റ്റ് 31 വരെ ലഭ്യമാക്കിയിട്ടുണ്ട്. മെമ്പർഷിപ്പ് സ്റ്റാറ്റസ് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ടിയർ മൈലുകളിൽ 20 ശതമാനം കുറവും ബോണസ് മൈലുകളും എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം 'കാഷ്+മൈൽസ്' (Cash+Miles) ഉപയോഗിച്ച് ടിക്കറ്റ് ബുക്കിംഗും മറ്റ് സേവനങ്ങളും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനും സാധിക്കും. യാത്രാ പ്ലാനുകൾ മാറ്റേണ്ടിവരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും ആശങ്കകളും ഒഴിവാക്കാൻ പുതിയ തീരുമാനങ്ങൾ യാത്രക്കാരെ സഹായിക്കും.
Content Highlights: Emirates has introduced flexible travel benefits for passengers traveling to Dubai. Under the new offer, travelers can change their journey dates as many times as needed without paying penalties, providing more convenience and flexibility for flight bookings.