

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍, കമന്ററി അരങ്ങേറ്റത്തിന് തയ്യാറെടുത്ത് അജിന്‍ക്യ രഹാനെ. ഓഗസ്റ്റ് 15 മുതല്‍ 27 വരെയാണ് പരമ്പര നടക്കുക. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലൂടെയാണ് അജിന്‍ക്യ രഹാനെ കമന്ററി പറയുക. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിന് ശേഷം ഏകദേശം 18 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിന് ഈയിടെയാണ് താരം തിരശ്ശീലയിട്ടത്. തന്റെ പരിചയസമ്പത്തും കാഴ്ചപ്പാടുകളും പങ്കുവെച്ചു കമന്ററി ബോക്‌സില്‍ രഹാനെ പുതിയ റോള്‍ ഭംഗിയാക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളില്‍ നിന്ന് 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും അടക്കം 5,077 റണ്‍സ് രഹാനെ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും, മത്സര സാഹചര്യങ്ങളെയും കളിയുടെ സൂക്ഷ്മതകളെയും കുറിച്ചുള്ള ധാരണയും കമന്ററിയില്‍ വലിയ സ്വാധീനമുണ്ടാക്കും. മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളും തന്ത്രങ്ങളും വിശകലനം ചെയ്ത് ആരാധകര്‍ക്ക് കളി കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്നാണ് സംപ്രേക്ഷകരുടെ വിലയിരുത്തല്‍.
'ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലൂടെ ടെസ്റ്റ് കമന്ററിയില്‍ അരങ്ങേറാന്‍ കഴിയുന്നതില്‍ എനിക്ക് വലിയ ആവേശമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് എന്നത് കായികലോകത്തിന്റെ ഉന്നതിയിലാണ് നില്‍ക്കുന്നത്. വര്‍ഷങ്ങളോളം ഇന്ത്യയെ ഈ ഫോര്‍മാറ്റില്‍ പ്രതിനിധീകരിക്കാന്‍ സാധിച്ചതിന് ശേഷം, കളിയെ വേറൊരു വീക്ഷണകോണില്‍ നിന്ന് കാണാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്.' -രഹാനെ പറഞ്ഞു. 'എന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനും കളിയുടെ തന്ത്രങ്ങളും നിര്‍ണായക നിമിഷങ്ങളും ആരാധകര്‍ക്കായി വിശകലനം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള ധാരണ നല്‍കാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു,' -രഹാനെ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റില്‍ നായകനെന്ന നിലയില്‍ തോല്‍വിയറിയാത്ത റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. അഞ്ച് മത്സരങ്ങളിലെങ്കിലും നായകനായിട്ടുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്മാരില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള രഹാനെയുടെ കീഴില്‍ ഇന്ത്യ നാല് ജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. 2020-21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണിലെ അവിസ്മരണീയ തിരിച്ചുവരവ് വിജയവും ഗാബയിലെ ചരിത്രവിജയവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 2017-ല്‍ ധരംശാലയില്‍ ഓസ്ട്രേലിയയ്ക്കെതിരെയും 2018-ല്‍ സ്വന്തം മണ്ണില്‍ അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയെ നിര്‍ണായക ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാന്‍ രഹാനെയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്ന് 35.26 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 2,962 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 20 കളികളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 375 റണ്‍സും നേടി.
ആകെ 195 അന്താരാഷ്ട്ര മത്സരങ്ങളിലെ 251 ഇന്നിംഗ്‌സുകളില്‍ നിന്നായി 35.95 ശരാശരിയില്‍ 15 സെഞ്ചുറികളും 51 അര്‍ധസെഞ്ചുറികളും അടക്കം 8,414 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. 188 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മികച്ച റെക്കോര്‍ഡുള്ള രഹാനെ, 197 ഇന്നിങ്‌സുകളില്‍ നിന്ന് 5,367 റണ്‍സ് നേടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ എട്ടാമത്തെ താരമാണ്. 2023-ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഒരു ഐപിഎല്‍ കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
content highlights: Afghanistan as Hosts in Delhi: To Play 3 T20Is Against India