'രോഹിതും വിരാടും കരുത്തരായ ബാറ്റ്സ്മാന്മാരാണെന്ന് വീണ്ടും തെളിയിച്ചു'; പ്രശംസിച്ച് രാജീവ് ശുക്ല

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയിരുന്നു

'രോഹിതും വിരാടും കരുത്തരായ ബാറ്റ്സ്മാന്മാരാണെന്ന് വീണ്ടും തെളിയിച്ചു'; പ്രശംസിച്ച് രാജീവ് ശുക്ല
dot image

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ സഖ്യമായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും വാനോളം പ്രശംസിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഒന്നിച്ച് 400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി രാജീവ് ശുക്ല രംഗത്തെത്തിയത്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരാണ് തങ്ങളെന്ന് രോഹിതും വിരാടും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ വലിയ വിമര്‍ശനങ്ങളേറ്റതിന് പിന്നാലെയാണ് താരത്തിന്റെ സെഞ്ചുറിത്തിളക്കം.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നിച്ച് 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് അസാധാരണമായൊരു നേട്ടമാണ്. കരിയറിലുടനീളം മികച്ച പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞതുകൊണ്ടാണ് ഇരുവര്‍ക്കും ഈ നാഴികക്കല്ല് പിന്നിടാനായത്. അവര്‍ തങ്ങളുടെ ബാറ്റിങ് കരുത്ത് ലോകത്തിന് മുന്നില്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്,' -രാജീവ് ശുക്ല വ്യക്തമാക്കി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റുന്ന രോഹിത്-വിരാട് സഖ്യം, സച്ചിന്‍-ഗാംഗുലി തുടങ്ങിയ മുന്‍കാല ഇതിഹാസ സഖ്യങ്ങളെപ്പോലും മറികടന്നാണ് ഈ റെക്കോഡ് പുസ്തകത്തില്‍ ഇടംനേടിയത്. വെറുമൊരു കായിക നാഴികക്കല്ല് എന്നതിലുപരി യുവതലമുറയ്ക്ക് പ്രചോദനമേകുന്ന ഒന്നാണ് ഇവരുടെ കരിയറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും ഈ അപൂര്‍വ്വ നേട്ടം ബിസിസിഐയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ഒരേപോലെ ആഘോഷമാക്കുകയാണ്. വരും വര്‍ഷങ്ങളിലും ഇതേ ഫോമില്‍ തുടര്‍ന്ന് രാജ്യത്തിന് കൂടുതല്‍ ട്രോഫികള്‍ നേടിക്കൊടുക്കാന്‍ ഈ സഖ്യത്തിന് സാധിക്കട്ടെ എന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ആശംസിച്ചു.

content highlights: 'Rohit and Virat proved their might as strong batsmen once again'; Rajeev Shukla heaps praise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us