

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ ശക്തമായ മുന്നേറ്റം. രാജ്യത്തെ പ്രധാന എട്ട് അടിസ്ഥാന വ്യവസായ മേഖലകളുടെ ഉൽപാദന വളർച്ച ജൂൺ മാസത്തിൽ 5 ശതമാനമായി ഉയർന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്.
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി തുടങ്ങിയ നിർണായക മേഖലകളുടെ പ്രകടനമാണ് കോർ സെക്ടർ വളർച്ചയുടെ പ്രധാന സൂചിക. രാജ്യത്തിന്റെ വ്യാവസായിക പ്രവർത്തനങ്ങളുടെ ദിശ മനസിലാക്കാൻ ഈ കണക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
ജൂണിലെ വളർച്ചയ്ക്ക് പ്രധാന കരുത്തായത് ഇരുമ്പയിര്, വൈദ്യുതി, സിമന്റ് മേഖലകളാണ്. ഇരുമ്പയിര് ഉൽപാദനം ശക്തമായ വർധന രേഖപ്പെടുത്തിയപ്പോൾ, വൈദ്യുതി ഉൽപാദനത്തിലും സിമന്റ് മേഖലയിലും മികച്ച മുന്നേറ്റം ഉണ്ടായി. മെയ് മാസത്തിൽ കോർ മേഖലയുടെ വളർച്ച മന്ദഗതിയിലായിരുന്നെങ്കിലും, ജൂണിൽ വീണ്ടും വേഗം കൈവരിച്ചത് സമ്പദ്‌വ്യവസ്ഥയ്ക്ക് പോസിറ്റീവ് സൂചനയായാണ് വിലയിരുത്തുന്നത്.
അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ പ്രവർത്തനങ്ങൾ, വ്യവസായ നിക്ഷേപം എന്നിവയ്ക്ക് ഇത് പിന്തുണ നൽകും.
പരിഷ്കരിച്ച കണക്കെടുപ്പ് രീതിയിലാണ് ജൂണിലെ വളർച്ച രേഖപ്പെടുത്തിയത്. ഇതിലൂടെ നിലവിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ കൂടുതൽ കൃത്യമായ ചിത്രം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, എല്ലാ മേഖലകളും ഒരേ രീതിയിൽ മുന്നേറിയില്ല. ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, വളം, റിഫൈനറി ഉൽപന്നങ്ങൾ തുടങ്ങിയ ചില മേഖലകളിൽ ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഇരുമ്പയിര്, വൈദ്യുതി, സിമന്റ് മേഖലകളിലെ ശക്തമായ പ്രകടനം മൊത്തം വളർച്ചയെ ഉയർത്തി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന അടിസ്ഥാന മേഖലകൾ വീണ്ടും ശക്തമാകുന്നത്, വ്യവസായ ഉൽപാദനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യത്തിന്റെ വികസന സ്വപനങ്ങൾക്ക് വേഗം ലഭിക്കുന്നതിന്റെ ശക്തമായ സൂചനയാണ് ജൂണിലെ കോർ സെക്ടർ വളർച്ച.
Content Highlights: Core infrastructure sectors' output rises by five-month high of 5% in June