

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കേളേജിലെ നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതി ഡോ.എം കെ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകി റാമിനെ വിട്ടയച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ ബലം പ്രയോഗിച്ചാണ് പ്രതിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തതെന്നാണ് പ്രതിഭാഗം അഭിഭാഷകൻ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അഭിഭാഷകർ വീണ്ടും ജഡ്ജിൻ്റെ ചേംബറിലെത്തി.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. എം കെ റാമിന് ജാമ്യം നൽകിയത്. ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ വ്യക്തതയില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയായിരുന്നു പ്രതിയെ പിടികൂടിയത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞിരുന്നു.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ നിര്‍ദ്ദേശം നൽകിയിരുന്നു. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
Content Highlights: Police re-arrested M K Ram, an accused in the Nithin Raj death case, shortly after he was granted bail, leading to dramatic scenes inside the court premises.