

ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ചുറിയുടെ തിളക്കത്തിലാണ് ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. തന്റെ സെഞ്ചുറി നേട്ടം അന്തരിച്ച പിതാവിന് സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനിടെയാണ് താരത്തിന്റെ നേട്ടം. ടെസ്റ്റില്‍ 31 ഇന്നിങ്‌സുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ഫിലിപ്‌സ് ഇതുവരെ സെഞ്ചുറി നേടിയിരുന്നില്ല. അഞ്ച് അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിരുന്നു. 853 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 135 പന്തിലാണ് ഗ്ലെന്‍ ഫിലിപ്‌സ് 100 റണ്‍സെടുത്തത്. 18 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം. താരത്തിന്റെ സെഞ്ചുറി മാത്രമാണ് ടീമിന് ആശ്വസിക്കാനുള്ള മികച്ച ഇന്നിങ്‌സ്. ടോം ബ്ലന്‍ഡല്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഡാരി മിച്ചല്‍ 44 റണ്‍സെടുത്തു. കെയ്ല്‍ ജാമീസണ്‍ 41 റണ്‍സെടുത്ത് പുറത്തായി. സെഞ്ചുറി നേട്ടത്തിന് പിന്നാലെ, ആ സെഞ്ചുറി അച്ഛന്‍ റോളണ്ടിന് സമര്‍പ്പിക്കുന്നതായി ഗ്ലെന്‍ ഫിലിപ്‌സ് പറഞ്ഞു. അച്ഛന്റെ ചരമവാര്‍ഷിക ദിനമാണെന്നും ഇത് അദ്ദേഹത്തിന് സമര്‍പ്പിക്കുന്നതായും ഫിലിപ്‌സ് പറഞ്ഞു.
എന്റെ ജീവിതത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് പിതാവ്. ഈനേട്ടം കാണാന്‍ അദ്ദേഹം ഇവിടെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. ടെസ്റ്റ് ക്രിക്കറ്റായിരുന്നു പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ഫോര്‍മാറ്റ്. ഇത് അദ്ദേഹം കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം..' ഗ്ലെന്‍ ഫിലിപ്‌സ് പറഞ്ഞു.
content highlights: 'This century is for dad..'; Glenn Phillips scores maiden Test century