'ടി20 ലോകകപ്പ് അവസാന ടൂർണമെന്റ്'; വിരമിക്കല്‍ സൂചന നല്‍കി ഓസീസ് ഇതിഹാസം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ സൂചന നല്‍കി ഓസ്‌ട്രേലിയന്‍ വനിതാ പേസ് ഇതിഹാസം മെഗാന്‍ ഷുറ്റ്.

'ടി20 ലോകകപ്പ് അവസാന ടൂർണമെന്റ്'; വിരമിക്കല്‍ സൂചന നല്‍കി ഓസീസ്  ഇതിഹാസം
dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ സൂചന നല്‍കി ഓസ്‌ട്രേലിയന്‍ വനിതാ പേസ് ഇതിഹാസം മെഗാന്‍ ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് പോരാട്ടം തന്റെ കരിയറിലെ അവസാന ഐസിസി പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് വനിതാ ടി20 ലോകകപ്പ് പോരാട്ടം.

വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന താരമാണ് മെഗാന്‍ ഷുറ്റ്. കഴിഞ്ഞ 14 വര്‍ഷമായി ഓസ്‌ട്രേലിയന്‍ വനിതാ ടീമിലെ നിര്‍ണായക താരമാണ്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫോര്‍മാറ്റിലുമായി ഓസീസിനായി 309 വിക്കറ്റുകള്‍ വീഴ്ത്തി.

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് മെഗാന്‍ ഷുറ്റ്. 29 ലോകകപ്പ് മത്സരങ്ങളില്‍ നിന്നു 48 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇക്കോണമി 5.65.

111 ഏകദിനം, 125 ടി20, 4 ടെസ്റ്റ് മത്സരങ്ങള്‍ താരം ഓസീസ് ജേഴ്‌സിയില്‍ കളിച്ചു. ടി20യില്‍ 152 വിക്കറ്റുകളും ഏകദിനത്തില്‍ 148 വിക്കറ്റുകളും ടെസ്റ്റില്‍ 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. 15 റണ്‍സിന് 5 വിക്കറ്റെടുത്തതാണ് ടി20യിലെ മികച്ച പ്രകടനം. ഏകദിനത്തില്‍ 19 റണ്‍സിന് 5 വിക്കറ്റുകള്‍. ടെസ്റ്റില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളും മികച്ച പ്രകടനങ്ങള്‍.

content highlights: australian-cricket-legend-hints-retirement-after-t20-world-cup

dot image
To advertise here,contact us
dot image