

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ബാറ്റര്‍മാരില്‍ പലരും കാഴ്ചവെച്ചത്. വൈഭവ് സൂര്യവംശിയെന്ന 15-കാരന്റെ വണ്ടര്‍ ബാറ്റിങ് ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ട്. റണ്‍വേട്ടക്കാരനുള്ള 'ഓറഞ്ച് ക്യാപ്' ആരുടെ തലയിലാകും എന്നതാണ് ഇപ്പോള്‍ ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. പ്ലേഓഫിലെത്തിയ നാല് ടീമുകളിലെ ഏഴു ബാറ്റര്‍മാരാണ് നിലവില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത് എന്നത് പോരാട്ടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലുമാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഹെന്റിച്ച് ക്ലാസന്‍, കെഎല്‍ രാഹുല്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരെല്ലാം പ്ലേ ഓഫിലെത്തിയവരാണ്. എട്ടാമതുള്ള മിച്ചല്‍ മാര്‍ഷിന്റെ ലഖ്‌നൗ പുറത്തായി. ഒമ്പതാമത് വിരാട് കോഹ്ലിയാണ്. അദ്ദേഹത്തിനും സാധ്യതയേറെയുണ്ട്. ഓരോ മത്സരത്തിലും ഈ പട്ടിക മാറിമറിയുകയാണ് എന്നതാണ് ആവേശകരം. ആരുടെ തലയിലും 'ക്യാപ്' അത്ര സേഫല്ല. കലാശപ്പോരാട്ടത്തിന്റെ അവസാന പന്തുവരെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടം നീളുമെന്നുറപ്പ്.
രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി മികച്ച പ്രകടനങ്ങളോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിലുണ്ട്. നേരിട്ട 251 പന്തുകളില്‍ നിന്ന് 232.27 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവ് ബാറ്റ് വീശിയത്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിന്‍ അലന്റെ സ്‌ട്രൈക്ക് റേറ്റ് 214.11 ആണ്. വൈഭവ് 14 കളിയില്‍നിന്നായി 583 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഈ സീസണില്‍ നേടിയിട്ടുണ്ട്. പ്ലേ ഓഫിലും വെടിക്കെട്ട് പ്രകടനം നടത്തി മുന്നോട്ട് കുതിക്കാനായാല്‍ ഓറഞ്ച് ക്യാപ് തലയില്‍ വെക്കാം.
content highlights: The battle for the Orange Cap intensifies! Sai Sudharsan in first place; Vaibhav Suryavanshi in fifth